‘ഔദ്യോഗിക വസതിയിലേക്കോ ഓഫീസിലേക്കോ വരൂ’; ചർച്ചയ്ക്കായി സമരക്കാരെ ക്ഷണിച്ച് ജെ.പി. നദ്ദ

#ന്യൂസ് ഡെസ്ക്
ജെ.പി.നഡ്ഡ |ഫോട്ടോ:PTI
ജെ.പി.നഡ്ഡ |ഫോട്ടോ:PTI

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം തുടരുന്ന സിജെപി പ്രതിനിധികളുമായി ചർച്ചനടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും ഇതിനായി തന്റെ ഔദ്യോഗിക വസതിയിലോ ഓഫീസിലോ എത്താമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. ‘അതെ, ഞങ്ങൾ തയ്യാറാണ്. നിങ്ങൾ ഞങ്ങളുടെ വസതിയിലേക്കോ ഔദ്യോഗിക ഓഫീസിലേക്കോ വരൂ’, അദ്ദേഹം പറഞ്ഞു.

24 മണിക്കൂറിനിടെ നാലുതവണ വിദ്യാർഥി പ്രതിനിധികളെ ചർച്ചയ്ക്ക് സമീപിച്ചെന്നും എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചതിന് പിന്നാലെയാണ് നദ്ദയുടെ പ്രതികരണം. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ചകൾ നടത്താമെന്നും വിദ്യാർഥികൾ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും പരിഹരിക്കാൻ കേന്ദ്രം സന്നദ്ധമാണെന്നും ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു.

തങ്ങൾക്ക് ഇക്കാര്യത്തിൽ അഭിമാന പ്രശ്‌നമില്ലെന്നും താനും ആരോഗ്യമന്ത്രി ജെ.പി. നദ്ദയും ചർച്ചയിൽ സർക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു. ചർച്ചകൾക്കായി ഒരു സൗകര്യപ്രദമായ അന്തരീക്ഷം ഉറപ്പാക്കാൻ, യോഗസ്ഥലം തിരഞ്ഞെടുക്കാൻ കേന്ദ്രമന്ത്രി പ്രതിഷേധക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

‘നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ചകൾ നടത്താം. വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി സർക്കാർ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. വിനയപൂർവ്വം, നിങ്ങളെല്ലാവരെയും വന്ന് ചർച്ചകളിൽ പങ്കെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ന്യായീകരിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടവർക്കെതിരെ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. കുറ്റവാളികൾക്ക് അതിവേഗ കോടതികളിലൂടെ വിചാരണയും ശിക്ഷയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.