ലഹരിക്കെതിരേ വിട്ടുവീഴ്ചയില്ല; 116 പേരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ ശുപാർശചെയ്ത് ജമ്മുകശ്മീർ ഭരണകൂടം

#ന്യൂസ് ഡെസ്ക്
ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്) | Photo: ANI & Mathrubhumi
ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്) | Photo: ANI & Mathrubhumi

ശ്രീനഗർ: മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായവരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ ശുപാർശ ചെയ്ത് ജമ്മു കശ്മീർ ഭരണകൂടം. മയക്കുമരുന്ന് മാഫിയകൾക്കെതിരേ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരുടെ പാസ്‌പോർട്ട് റദ്ദാക്കുന്നത്. ഏകദേശം 116 പേരുടെ പാസ്‌പോർട്ട് റദ്ദാക്കാനാണ് ഭരണകൂടം ശുപാർശ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട്‌ചെയ്തു. ഇതിൽ 94 പേർ ജമ്മുവിലുള്ളവരാണ്. 22 പേർ കശ്മീരിലും.

ജമ്മുകശ്മീരിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരേ ലെഫ്. ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ നേരത്തേ വിപുലമായ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാനുള്ള നീക്കവും ഈ ക്യാമ്പയിന്റെ ഭാഗമായാണ്.

മേയ് 11-നാണ് ലഹരിവിമുക്ത ജമ്മുകശ്മീർ ക്യാമ്പയിൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിലായി 797 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർചെയ്തത്. 890 പേർ രണ്ടാഴ്ചയ്ക്കുള്ളിൽ അറസ്റ്റിലായി. മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 81 കെട്ടിടങ്ങൾ പൊളിച്ചുനീക്കി.

കഴിഞ്ഞദിവസം ക്യാമ്പയിന്റെ ഭാഗമായി ലെഫ്. ഗവർണറുടെ നേതൃത്വത്തിൽ ഷോപ്പിയാനിൽ പദയാത്രയും സംഘടിപ്പിച്ചു. മയക്കുമരുന്നിനെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്നാണ് പദയാത്രയിൽ ലെഫ്. ഗവർണർ വ്യക്തമാക്കിയത്. ഭീകരവാദികൾ മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. ഈ ആയുധങ്ങൾ ഉപയോഗിച്ച് അവർ സാധാരണക്കാരായ കശ്മീരികളുടെ രക്തം ചിന്തുന്നു. ഏതെങ്കിലും രീതിയിൽ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളവരോ അതിനെ പിന്തുണയ്ക്കുന്നവരോ ഉണ്ടെങ്കിൽ, അത് ഏതെങ്കിലും ഉദ്യോഗസ്ഥരായാലും അവർ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 50,000-ഓളം പേരാണ് കഴിഞ്ഞദിവസം സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുത്തത്. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഇത്രയും പങ്കാളിത്തമുണ്ടാകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

Content Highlights: J&K administration recommends passport cancellation for 116 individuals involved in drug cases., 94 accused are from Jammu and 22 from Kashmir., 797 drug cases registered and 890 arrests made within two weeks of the campaign., 81 illegal structures built from drug money demolished., Lt. Governor Manoj Sinha emphasizes link between drug trade and terror financing.