ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: JPSC അംഗങ്ങൾ രാജിവെച്ചു, പരീക്ഷ റദ്ദാക്കും; സമരം തുടർന്ന് വിദ്യാർഥികൾ

റാഞ്ചി: സർക്കാർ നിയമനപരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പ്രക്ഷോഭം നടത്തിവരുന്നതിനിടെ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലെ (ജെപിഎസ്‌സി) മൂന്ന് അംഗങ്ങളും രാജിവെച്ചു. ജെപിഎസ്‌സി അംഗങ്ങളായ ഡോ. അജിത ഭട്ടാചാര്യ, ഡോ. അനിമ ഹാൻസ്ദ, ഡോ. ജമാൽ അഹമ്മദ് എന്നിവരാണ് രാജിവെച്ചത്.
സംസ്ഥാന സർക്കാരിന്റെ ശുപാർശയെത്തുടർന്ന് മൂന്ന് ജെ.പി.എസ്.സി അംഗങ്ങളുടെയും രാജി ഝാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗങ്വാർ സ്വീകരിച്ചതായി രാജ്ഭവൻ അറിയിച്ചു. 2021 സെപ്റ്റംബറിലാണ് ഈ മൂന്ന് അംഗങ്ങളെയും നിയമിച്ചത്. ജൂലായ് 22-ന് ജെ.പി.എസ്.സി. ചെയർമാൻ എൽ. ഖിയാങ്തെ രാജിക്കത്ത് നൽകിയിരുന്നു. പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെപിഎസ്എസി ചെയർമാനായിരുന്ന ഖിയാങ്തെയെ നാല് തവണ ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിനിടെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികളും സംസ്ഥാന സർക്കാരും ഞായറാഴ്ച നടത്തിയ ചർച്ചയും പരാജയപ്പെട്ടു. പതിനാലാം ജെ.പി.എസ്.സി പരീക്ഷ റദ്ദാക്കാനും ക്രമക്കേടുകൾ ആരോപിക്കപ്പെടുന്ന സംഭവങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാനും തൊഴിൽ നിയമന വ്യവസ്ഥകളിൽ പരിഷ്‌കാരങ്ങൾ വരുത്താനുമുള്ള തീരുമാനങ്ങൾ ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായിട്ടില്ല.
സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വിദ്യാർത്ഥി നേതാക്കൾ വ്യക്തമാക്കി. തിങ്കളാഴ്ച ഝാർഖണ്ഡ് നിയമസഭയിലേക്ക് കൂറ്റൻ മാർച്ച് നടത്താനും സമരക്കാർ ആഹ്വാനംചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുക്കുമെന്നാണ് അവകാശപ്പെടുന്നത്.
അതേസമയം, സി.ബി.ഐ അന്വേഷണം ഒഴികെയുള്ള തങ്ങളുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി പ്രതിഷേധക്കാർ വ്യക്തമാക്കി. '14-ാമത് ജെപിഎസ്സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടതടക്കം ഞങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിറവേറ്റപ്പെടുന്നതുവരെ വിട്ടുവീഴ്ചയില്ല. ഓഗസ്റ്റ് 10-ന് ഝാർഖണ്ഡ് നിയമസഭയിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ചുമായി ഞങ്ങൾ മുന്നോട്ടുപോകും', സർക്കാരുമായി ആറാംവട്ട ചർച്ച നടത്തിയശേഷം വിദ്യാർത്ഥി നേതാവ് രവീന്ദ്ര പസ്വാൻ പറഞ്ഞു.
ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും മേൽനോട്ടത്തിലായിരുന്നു പരീക്ഷ നടന്നത് എന്നതിനാൽ സിബിഐ അന്വേഷണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി സുദിവ്യ കുമാർ പറഞ്ഞു. പ്രതിഷേധക്കാരുടെ 98 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
'ഞങ്ങൾ വിദ്യാർത്ഥികളുമായി ക്രിയാത്മകമായ ചർച്ച നടത്തി. പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഇഡിയോട് ശുപാർശ ചെയ്യും. സമരം പിൻവലിക്കണമോ വേണ്ടയോ എന്ന് ഇനി അവർക്ക് തീരുമാനിക്കാം', കുമാർ പറഞ്ഞു.
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്ന ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പരീക്ഷാ പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുന്നതിനായി ഐഐടി-ഐഎസ്എം ധൻബാദ്, ഐഐഎം റാഞ്ചി, എക്‌സ്എൽആർഐ ജംഷഡ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി പാനൽ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്എസ്സി-സിജിഎൽ പരീക്ഷാ അന്വേഷണത്തിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Three JPSC members resigned amid ongoing protests over exam irregularities., Student leaders rejected government offers and demanded a CBI probe., A massive march to the Jharkhand legislative assembly was announced., The government agreed to most demands including ED probe and fast-track courts.