തടവുകാർക്ക് പകൽ ജയിലിന് പുറത്തുപോയി ജോലി ചെയ്യാം; പുതിയ പരിഷ്കാരവുമായി ഝാർഖണ്ഡ് സർക്കാർ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

റാഞ്ചി: തടവുകാർക്ക് പകൽ സമയങ്ങളിൽ ജയിലിന് പുറത്തുപോയി ജോലി ചെയ്യാനും വരുമാനം കണ്ടെത്താനും അനുമതി നൽകാൻ ഝാർഖണ്ഡ് സർക്കാർ തീരുമാനിച്ചു. തടവുകാർക്ക് സ്വന്തമായി വരുമാനം കണ്ടെത്താനും അതിലൂടെ അവരുടെ കുടുംബങ്ങളെ സഹായിക്കാനും അവസരമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പകൽ മുഴുവൻ പുറത്തു ജോലി ചെയ്യുന്ന ഇവർ വൈകുന്നേരത്തോടെ ജയിലിലേക്ക് തന്നെ തിരികെ പ്രവേശിക്കണം.

സംസ്ഥാനത്തെ നാല് പ്രധാന സെൻട്രൽ ജയിലുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഈസ്റ്റ് സിങ്ഭൂമിലെ ഘാഘിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.

പദ്ധതി പ്രകാരം തടവുകാർക്ക് രാവിലെ ആറ് അല്ലെങ്കിൽ ഏഴ് മണിയോടെ പുറത്തുപോകാമെന്നും ഏകദേശം 12 മണിക്കൂറിന് ശേഷം വൈകുന്നേരത്തോടെ ജയിലിലേക്ക് തിരികെ വരാമെന്നും ജയിൽ ഐ.ജി സുദർശൻ മണ്ഡൽ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്ന ജയിലുകളെല്ലാം നഗരപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ തടവുകാർക്ക് ജോലി കണ്ടെത്താനും വരുമാനമുണ്ടാക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുത്ത തടവുകാർക്കാണ് ഇത്തരത്തിൽ അവസരം ലഭിക്കുക. ഏതൊക്കെ തടവുകാർക്കാണ് പുറത്തുപോകാൻ യോഗ്യതയുള്ളതെന്ന് നിശ്ചയിക്കാൻ പ്രത്യേക മാർഗ്ഗരേഖ തയ്യാറാക്കുമെന്ന് ഐ.ജി അറിയിച്ചു. തടവുകാരുടെ പെരുമാറ്റം, ജയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുക ഇതെല്ലാമായിരിക്കും ഇതിനുള്ള യോഗ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.

തടവുകാരുടെ തിരുത്തൽ നടപടികൾ ശക്തമാക്കുന്നതിനും അവരെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. പദ്ധതിക്ക് ഝാർഖണ്ഡ് മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. 'ഝാർഖണ്ഡ് പ്രിസൺ ആൻഡ് കറക്ഷണൽ സർവീസ് ആക്ട്, 2025'-ന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നടപടി.