'അർധരാത്രിയിൽ ഹോട്ടലിൽ BJP നേതാക്കളുമായി കൂടിക്കാഴ്ച, ഡൽഹിയിലേക്ക്'; ഒന്നും വിട്ടുപറയാതെ ചംപയ് സോറൻ

ന്യൂഡൽഹി: ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം. മുതിർന്ന നേതാവുമായ ചംപയ് സോറൻ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അർധരാത്രിയിൽ കൊൽക്കത്തയിൽ എത്തി പാർക്ക് ഹോട്ടലിൽ വെച്ച് ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ചനടത്തിയതായി വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്യുന്നു. എയർ ഇന്ത്യ വിമാനത്തിൽ രാവിലെയോടെ അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിൽ എത്തുന്ന ചംപയ് സോറൻ മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
അതേസമയം ബിജെപിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ചംപയ് സോറൻ ഒഴിഞ്ഞുമാറി. 'ഏത് തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് വ്യക്തമല്ല. അതുകൊണ്ട് തന്നെ ഇത് ശരിയാണോ അല്ലേ എന്ന കാര്യം പറയാനും ഇപ്പോൾ എനിക്ക് സാധിക്കില്ല. ഞാൻ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെയാണ്'- ചംപയ് സോറൻ പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവെച്ച് ജയിലില്‍ പോയതോടെയാണ് ചംപയ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്. ഹേമന്ത് സോറന്‍ ജാമ്യംലഭിച്ച് തിരിച്ചെത്തിയതോടെ അഞ്ചുമാസത്തിനുശേഷം വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയിരുന്നു. ഹേമന്ത് സോറന് വഴിയൊരുക്കുന്നതിന് ചംപയ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണ് ഉണ്ടായത്. എന്നാൽ ഈ നടപടിയില്‍ ചംപയ് സോറൻ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം.
Content Highlights: jharkhand former cm champai soren bjp entry speculation