ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അത്യാസന്നനിലയിൽ

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അച്ഛൻ ഷിബു സോറനൊപ്പം | Photo: PTI
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അച്ഛൻ ഷിബു സോറനൊപ്പം | Photo: PTI

റാഞ്ചി: ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ (81) ആശുപത്രിയില്‍ അത്യാസന്ന നിലയില്‍. നിലവിലെ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അച്ഛനാണ് ഷിബു സോറന്‍.  ഒരുമാസമായി ആശുപത്രിയില്‍ തുടരുന്ന അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. 

നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്റിലേറ്റര്‍ സൗകര്യത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ ശനിയാഴ്ച വൈകീട്ടോടെ അറിയിച്ചു. 

ജെഎംഎം പാര്‍ട്ടിയുടെ സ്ഥാപക രക്ഷാധികാരിയായ ഷിബു സോറനാണ് കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നത്. 

ഇതിനിടെ, ഝാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറനെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മികച്ച ചികിത്സയ്ക്കായി അദ്ദേഹത്തെ വ്യോമമാര്‍ഗം അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

Content Highlights: jharkhand cm hemant sorens father jmm senior leader shibu soren in hospital india news