സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ സ്ഥാപിച്ച സർവകലാശാലയുടെ കെട്ടിടങ്ങൾ പൊളിക്കാൻ നീക്കം

രാംപുർ: സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ സ്ഥാപിച്ച മുഹമ്മദ് അലി ജോഹർ സർവ്വകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവ്. അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർവ്വകലാശാലാ കാമ്പസിലെ കെട്ടിടങ്ങൾക്കെതിരെ രാംപുർ ജില്ലാ ഭരണകൂടം നടപടിയെടുത്തത്. അനധികൃതമെന്ന് കണ്ടെത്തിയ നിർമ്മിതികൾ സ്വന്തം നിലയ്ക്ക് നീക്കം ചെയ്യാൻ സർവ്വകലാശാല അധികൃതർക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ കെട്ടിടങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ഭരണകൂടം നേരിട്ട് പൊളിച്ചുനീക്കുമെന്ന് രാംപുർ ജില്ലാ മജിസ്ട്രേറ്റ് അജയ് കുമാർ ദ്വിവേദി വ്യക്തമാക്കി.
1973-ലെ ഉത്തർപ്രദേശ് നഗര ആസൂത്രണ വികസന നിയമപ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കാമ്പസിനുള്ളിൽ അനുമതിയില്ലാതെ കെട്ടിടങ്ങൾ നിർമ്മിച്ചുവെന്ന റീജിയണൽ ജൂനിയർ എഞ്ചിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കാമ്പസ് സ്ഥിതി ചെയ്യുന്ന സിങ്കൻഖേര ഗ്രാമം കെട്ടിടങ്ങൾ നിർമ്മിക്കുന്ന സമയത്ത് രാംപുർ വികസന അതോറിറ്റിയുടെ പരിധിയിൽ ആയിരുന്നില്ലെന്നും അതിനാൽ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നുമാണ് സർവ്വകലാശാലയുടെ വാദം. കെട്ടിടങ്ങൾ വർഷങ്ങൾക്ക് മുൻപേ നിർമ്മിച്ചതാണെന്നും പുതിയ നിയമങ്ങൾ ഇതിന് ബാധകമല്ലെന്നും അവർ വാദിച്ചു.
എന്നാൽ സർവ്വകലാശാലയുടെ വാദങ്ങൾ രാംപുർ വികസന അതോറിറ്റി തള്ളി. രണ്ട് കെട്ടിടങ്ങൾക്ക് മാത്രം ജില്ലാ പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയ മാനേജ്മെന്റിന് മറ്റു കെട്ടിടങ്ങൾക്കും അനുമതി വേണമെന്ന കാര്യത്തിൽ അറിവുണ്ടായിരുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ സമാജ്വാദി പാർട്ടി രംഗത്തെത്തി. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ ഉന്നത വിദ്യാഭ്യാസം നൽകുന്ന പ്രധാന സ്ഥാപനമാണിതെന്ന് സമാജ്വാദി പാർട്ടി വക്താവ് ജൂഹി സിംഗ് പ്രതികരിച്ചു. സർവ്വകലാശാലയ്ക്കെതിരെയുള്ള നടപടി രാഷ്ട്രീയ പകപോക്കലാണെന്നാണ് സമാജ്വാദി പാർട്ടിയുടെ ആരോപണം.
നിലവിൽ വിവിധ കേസുകളിലായി രാംപുർ ജയിലിൽ കഴിയുന്ന അസം ഖാന്റെ സ്വപ്ന പദ്ധതിയായിരുന്നു 2006-ൽ സ്ഥാപിതമായ ഈ സർവ്വകലാശാല. എന്നാൽ 2017-ൽ ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഭൂമി കയ്യേറ്റം ഉൾപ്പെടെയുള്ള നിരവധി നിയമപോരാട്ടങ്ങളിലാണ് ഈ സ്ഥാപനം. അസം ഖാനെതിരെ ഇതുവരെ 81-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights: Rampur district administration orders demolition of 38 illegal Jauhar University buildings., University given 15 days to comply with the demolition order., Legal basis: Uttar Pradesh Urban Planning and Development Act, 1973., Management claims exemption, citing village jurisdiction at time of construction., Samajwadi Party alleges political vendetta against Azam Khan.