നേഹാ ബോറയും ഐഷി ഘോഷും-തെരുവീഥിയിലെ സമരനായികമാർ

ന്യൂഡൽഹി: യുവജനമുന്നേറ്റത്തിന് രണ്ട് സമരനായികമാർ-നേഹാ ബോറയും ഐഷി ഘോഷും. സമരപരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതരായ ഇരുവരും ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെയും മുൻനിരയിലുണ്ട്. ചടുലനീക്കങ്ങളിലൂടെയും ഉറച്ച നേതൃത്വത്തിലൂടെയും തീപ്പൊരി പ്രസംഗങ്ങളിലൂടെയും ഇവർ ആവേശം കൊള്ളിക്കുന്നു. ജൂലായിലെ ആദ്യ ജന്തർമന്തർ പ്രതിഷേധത്തിലും ശനിയാഴ്ചത്തെ ജന്തർമന്തർ 2.0 പ്രതിഷേധത്തിലും ഇവരുടെ പോരാട്ടവീര്യം എടുത്തുപറയേണ്ടതാണ്.
ഐസയുടെ ദേശീയ പ്രസിഡന്റായ ഉത്തരാഖണ്ഡുകാരി നേഹ, ജൂലായിലെ ജന്തർമന്തർ സമരത്തിലൂടെയാണ് ശ്രദ്ധനേടിയത്. അന്ന് വാങ്ചുക്കിനൊപ്പം 23 ദിവസം നിരാഹാരസമരമിരുന്ന നേഹ പിന്നീട് രാജ്യവ്യാപകമായി വിദ്യാർഥി പ്രക്ഷോഭങ്ങളിൽ സജീവമായി. ഗ്യാനേഷിന്റെ രാജിയാവശ്യപ്പെടുന്ന സമരങ്ങൾക്കായി നേഹയുടെ നേതൃത്വത്തിൽ യോഗേന്ദ്രയാദവും അഭിഭാഷകരായ കപിൽ സിബലും പ്രശാന്ത് ഭൂഷണുമടങ്ങുന്നവരുടെ പൗരസമിതിയുണ്ടാക്കി. ശനിയാഴ്ചയും പൗരസമിതിയുടെ പ്രതിഷേധത്തെ നയിച്ച നേഹയെ ദില്ലിഘാട്ടിൽനിന്ന് പോലീസ് ബലപ്രയോഗത്തിൽ കസ്റ്റഡിയിലെടുത്തു.
ജെ.എൻ.യു. വിദ്യാർഥിയൂണിയൻ മുൻ പ്രസിഡന്റായ ഐഷി ഘോഷ് എസ്.എഫ്.ഐ.യുടെ ദേശീയ ജോയന്റ് സെക്രട്ടറിയാണ്. കഴിഞ്ഞ ജന്തർമന്തർ സമരത്തിലും നേതൃനിരയിലുണ്ടായിരുന്നു. ഇത്തവണ എസ്.ഐ.ആർ. വിരുദ്ധ സമരങ്ങളിലും വോട്ടവകാശപ്പോരാട്ടങ്ങളിലും മുന്നിലുണ്ട്. ഗ്യാനേഷിന്റെ രാജിക്കായി എസ്.എഫ്.ഐ. ഡൽഹിയിൽ കഴിഞ്ഞയാഴ്ച നടത്തിയ സമരത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്നു. എസ്.എഫ്.ഐ. മാർച്ചിനെ നയിച്ചതും ഐഷിയാണ്. നെയിംപ്ലേറ്റ് ധരിക്കാതെ പിടികൂടാനെത്തിയ പോലീസുകാരിയെ ചോദ്യംചെയ്ത ഐഷിക്ക് പോലീസ് മർദനവുമേറ്റു. റോഡിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. പോലീസ് ബസിൽ കയറ്റിയപ്പോഴും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഐഷി ആവർത്തിച്ചു.
Content Highlights: Neha Bora and Aishi Ghosh, known for their activism, lead the jantar mantar protest in Delhi, demanding Gyanesh Kumar's resignation with fervent speeches.