ദേഹമാസകലം വെടിയേറ്റ നിലയിൽ; കശ്മീരിൽ കാണാതായ സ്‌പെഷ്യൽ പോലീസ് ഓഫീസർമാർക്ക് വീരമൃത്യു, ഭീകരർക്കായി തിരച്ചിൽ

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം|  PTI Photo
പ്രതീകാത്മക ചിത്രം| PTI Photo

ശ്രീനഗർ/കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വച്ച് കാണാതായ രണ്ട് സ്‌പെഷ്യൽ പോലീസ് ഓഫീസർമാർക്ക് വീരമൃത്യു. ദേഹമാസകലം വെടിയേറ്റ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ വനമേഖലയിൽ നിന്ന് സുരക്ഷാ സേന കണ്ടെടുത്തത്. ദച്ചൻ സ്വദേശികളായ റീഷിപാൽ (40), ബോബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥർ. ഇവരെ നിഷ്ഠൂരമായി കൊലചെയ്യുകയായിരുന്നുവെന്നാണ് വിവരം.  ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ കണ്ടെത്താനായി സൈന്യവും പോലീസും സി.ആർ.പി.എഫും ചേർന്ന് പ്രദേശത്ത് വിപുലമായ സംയുക്ത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കിഷ്ത്വാറിലെ മർവാർ മേഖലയിലുള്ള ദെഹാർന വനമേഖലയിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പട്രോളിങ്ങിനായി പോയ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) അംഗങ്ങളായിരുന്നു ഇവർ രണ്ടുപേരും. കിയാർ ദച്ചനിൽ നിന്ന് ഇന്ദർവാൻ പ്രദേശത്തുള്ള ബസ്‌നാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ബസ്‌നാനിൽ വിന്യസിച്ചിരുന്ന കരസേനയുടെ 17 രാഷ്ട്രീയ റൈഫിൾസ് (17 Rashtriya Rifles) സംഘത്തിന് പകരം ചുമതലയേൽക്കാനാണ് ഇവർ പോയിരുന്നത്.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഏകദേശം 3:30-ഓടെയാണ് വനമേഖലയിൽ വെടിവെപ്പ് ശബ്ദം കേട്ടിരുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ മർവാർ മേഖലയിലെ എയർടെൽ മൊബൈൽ നെറ്റ്വർക്ക് സേവനങ്ങളും തടസ്സപ്പെട്ടു. പിന്നാലെയാണ് രണ്ട് ഉദ്യോഗസ്ഥരേക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലാതായത്. ഫോണിലും ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ വൈകുന്നേരം 7 മണിയോടെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു എസ്.ഓ.ജി സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച ദച്ചൻ വനമേഖലയിൽ നിന്ന് വെടിയേറ്റ നിലയിൽ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കാണാതായിട്ടുണ്ട്.

ദോഡാ മേഖലയിൽ തീവ്രവാദം ശക്തമായിരുന്ന സമയത്ത് കിഷ്ത്വാറിലെ ദച്ചൻ, മർവാർ തുടങ്ങിയ ഉയർന്ന മലനിരകൾ ഹിസ്ബുൽ മുജാഹിദീൻ ഭീകരരുടെ പ്രധാന താവളമായിരുന്നു. അതിനാൽ പ്രദേശം വളഞ്ഞ് തിരച്ചിൽ തുടരുകയാണ്. പാക് ഭീകരർ മേഖലയിലുണ്ടാകാമെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. അതിനിടെ ഇന്നലെ കാശ്മീരിലെ കുൽഗാം ജില്ലയിൽ മറ്റൊരു ഭീകരാക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുൽഗാമിലെ സുരക്ഷാ ചെക്ക്പോസ്റ്റിൽ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരായ അക്രമികൾ നടത്തിയ വെടിവെപ്പിൽ മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ നടക്കുന്നുണ്ട്.

Content Highlights: Bodies of two special police officers found in Jammu Kashmir's Kishtwar forest, sparking a joint search operation for suspected militants in the area.