‘എല്ലാ ഇന്ത്യക്കാരും പങ്കിടുന്നത് മഹാദേവന്റെ ഡിഎൻഎ’; വിവാദ പ്രസ്താവനയുമായി ജാമിയ മിലിയ വൈസ് ചാൻസലർ

#ന്യൂസ് ഡെസ്‌ക്
വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ മസ്ഹര്‍ ആസിഫ് | Photo: jamia millia islamia
വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ മസ്ഹര്‍ ആസിഫ് | Photo: jamia millia islamia

ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ  ആർഎസ്എസ് സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ വിവാദ പ്രസ്താവനയുമായി വൈസ് ചാൻസലർ പ്രൊഫസർ മസ്ഹർ ആസിഫ്.

'എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ മഹാദേവന്റെ ഡിഎൻഎയാണ്' എന്നായിരുന്നു ചൊവ്വാഴ്ച ഡൽഹിയിലെ യൂണിവേഴ്‌സിറ്റി കാമ്പസിൽ ആർഎസ്എസ് സംഘടിപ്പിച്ച 'യുവ കുംഭ്' പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

ഭാരതീയർക്കിടയിലെ വൈവിധ്യങ്ങൾക്കിടയിലും നമ്മെ ഒന്നിപ്പിക്കുന്നത് നമ്മുടെ ഉള്ളിലൂടെ ഒഴുകുന്ന 'മഹാദേവ ഡിഎൻഎ' ആണെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് സനാതന സംസ്‌കാരമെന്നും പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. പരിപാടിക്കിടെ, വൈസ് ചാൻസലർ ആർഎസ്എസ് നേതാക്കളെ സ്വാഗതം ചെയ്യുകയും പരിപാടി സംഘടിപ്പിച്ചതിന് അവരോട് നന്ദി പറയുകയും ചെയ്തു.

അതേസമയം ആർഎസ്എസ് പരിപാടിക്ക് സർവകലാശാലയിൽ അനുമതി നൽകിയതിനെതിരേ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചു. സർവ്വകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധങ്ങൾക്കും പഠനക്കൂട്ടായ്മകൾക്കും നിയന്ത്രണമുള്ളപ്പോൾ ആർഎസ്എസ് പരിപാടിക്ക് എസി ഹാൾ അനുവദിച്ചതിനെ എഐഎസ്എ ഡൽഹി പ്രസിഡന്റ് സയ്യിദ് വിമർശിച്ചു.

Content Highlights: Jamia VC Prof. Mazhar Asif made controversial remarks at an RSS-organized 'Yuva Kumbh' event., The VC claimed all Indians share 'Mahadev DNA' as a symbol of unity., He praised Sanatana culture for promoting coexistence., Student organizations like NSUI and AISA protested the event being held on campus., Critics questioned the university administration's decision to allow RSS events while restricting student activities.