ത്രിവർണ പതാക ഉയർത്താൻ മടിച്ച പ്രസ്ഥാനത്തിന്റെ ആളോ കോൺഗ്രസിനോട് മാപ്പുപറയാൻ പറയുന്നത്- ജയ്‌റാം രമേശ്

#ന്യൂസ് ഡെസ്ക്
ജയ്റാം രമേശ്, അമിത് ഷാ | PTI
ജയ്റാം രമേശ്, അമിത് ഷാ | PTI

ന്യൂഡൽഹി: വന്ദേമാതരം വിഷയത്തിൽ സോണിയാ ഗാന്ധിക്ക് രാജ്യത്തെ ജനങ്ങൾ മാപ്പുനൽകില്ലെന്നു പറഞ്ഞ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഭരണഘടനാശില്പി അംബേദ്കറെ പാർലമെന്റിൽ അപമാനിക്കുകയും ആർ.എസ്.എസ്. ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ മടികാണിച്ച പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം പേറുന്ന വ്യക്തിയുമാണ് കോൺഗ്രസിനോട് മാപ്പുപറയാൻ ആവശ്യപ്പെടുന്നത്. ഇത് അദ്ദേഹവും യജമാനനും യഥാർഥ പ്രശ്നങ്ങളിൽനിന്ന് വഴിതിരിച്ചുവിടാൻ നടത്തുന്ന തന്ത്രമാണെന്നും ജയ്റാം സാമൂഹിക മാധ്യമമായ എക്‌സിൽ പരിഹസിച്ചു.

‘2024 ഡിസംബർ 17-ന് രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച വ്യക്തിയാണ് അമിത്ഷാ. 2002 ജനുവരിവരെ സ്വന്തം പ്രസ്ഥാനത്തിന്റെ ആസ്ഥാനത്ത് രാജ്യത്തിന്റെ ത്രിവർണപ്പതാക ഉയർത്താൻപോലും മടികാണിച്ച പ്രത്യയശാസ്ത്രത്തിൽനിന്നാണ് അദ്ദേഹം വരുന്നത്. സമാധാനപരമായി പ്രതിഷേധിച്ച ചെറുപ്പക്കാർക്കുനേരെ ഡൽഹി പോലീസ് അഴിച്ചുവിട്ട ക്രൂരതയ്ക്ക് നേരിട്ട് ഉത്തരവാദിയും ഈ വ്യക്തിതന്നെ. അദ്ദേഹമാണിപ്പോൾ കോൺഗ്രസിനോട് മാപ്പപേക്ഷ ആവശ്യപ്പെട്ട് രംഗത്തുവരുന്നത്. രാജ്യത്തെ ഇന്നത്തെ യഥാർഥ പ്രശ്‌നങ്ങളെ നേരിടുന്നതിൽ അദ്ദേഹത്തിനും യജമാനനും സംഭവിച്ച തോൽവിയിൽ ജനശ്രദ്ധ തിരിച്ചുവിടാനാണ് ഈ മാപ്പപേക്ഷ.’- ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു.

കഴിഞ്ഞദിവസം ഡൽഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് പുതിയ വിവാദം. ആദ്യത്തെ രണ്ട് ചരണങ്ങൾ കഴിഞ്ഞും ഗാനം തുടർന്നതോടെ സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും വിഷയത്തിൽ ഇടപെട്ടു. നിർത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഗാനം മുഴുവനായി പാടിത്തീർത്തു. സോണിയാ ഗാന്ധി ഗാനം നിർത്താൻ ആവശ്യപ്പെട്ടതു മുൻനിർത്തിയാണ് അമിത്ഷായുടെ പരാമർശം.

'സോണിയാ ജി, 140 കോടി ജനങ്ങൾ നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ചെയ്ത ഈ പാപത്തിന് ഈ രാജ്യത്തെ ജനങ്ങൾ മാപ്പ് തരില്ല. വന്ദേമാതരം അപൂർണമായി അവസാനിപ്പിക്കുന്നത് ആർക്കെങ്കിലും സ്വപ്നം കാണാനെങ്കിലും കഴിയുമോ? കോൺഗ്രസുകാർക്ക് ലജ്ജ തോന്നേണ്ടതാണ്, അൽപമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കിൽ ബങ്കിംചന്ദ്ര ചാറ്റർജിയുടെ അനശ്വര ആത്മാവിനോടും ജനങ്ങളോടും കൈകൂപ്പി മാപ്പുപറയണം' എന്നായിരുന്നു അമിത്ഷായുടെ വാക്കുകൾ.

Content Highlights: Jairam Ramesh strongly criticized Amit Shah for demanding an apology from Sonia Gandhi over the Vande Mataram singing row., Ramesh accused Shah of insulting Dr. B.R. Ambedkar in the Rajya Sabha and cited historical RSS reluctance to hoist the national flag.