ജയ്പുരിലെ വിവാദ സ്കൂൾ പൊളിച്ചു, പുതിയകെട്ടിടം ഉടൻ; നടപടി CJP നേതാക്കളെ ആക്രമിച്ച സംഭവത്തിന് പിന്നാലെ

ജയ്പുർ: ജയ്പുരിലെ റാംപുര കൻവർപുര ഗ്രാമത്തിലെ സർക്കാർ സ്കൂളിന്റെ തകർന്നുവീഴാറായ കെട്ടിടം ബുധനാഴ്ച പൊളിച്ചുമാറ്റി. സ്കൂളിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി സിജെപി പ്രവർത്തകർ ഇവിടെ ദിവസങ്ങൾക്കുമുമ്പ് സന്ദർശനത്തിനെത്തിയപ്പോൾ ഒരു വിഭാഗം അവർക്കുനേരെ ആക്രമണം അഴിച്ചുവിട്ട സംഭവം വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ സ്കൂൾ പൊളിച്ചുമാറ്റിയിരിക്കുന്നത്.
ഈ സ്ഥലത്ത് 18 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. തങ്ങളുടെ കാമ്പയിനിന്റെ വിജയമാണിതെന്ന് സിജെപി അവകാശപ്പെട്ടു. സ്കൂൾ ഒരു എരുമത്തൊഴുത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് സിജെപി കോ-കൺവീനർ അശുതോഷ് റാങ്കയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ഇവിടെ സന്ദർശനം നടത്തിയത്. സന്ദർശനത്തിനിടെ സിജെപി പ്രവർത്തകർക്കുനേരെ കല്ലേറുണ്ടാകുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. പിന്നിൽ ബിജെപി ഗുണ്ടകളാണെന്ന് സിജെപി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
രാജസ്ഥാനിലെ ബാഗ്രു നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രൈമറി സ്കൂൾ സുരക്ഷിതത്വമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് 2025 സെപ്റ്റംബറിൽ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷം, ഗ്രാമവാസികൾ ഒരുക്കിയ രണ്ട് മുറികളിലും ഒരു ഷെഡിലുമായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഈ താൽക്കാലിക സംവിധാനത്തിന് സമീപം എരുമത്തൊഴുത്തും ഉണ്ടായിരുന്നെന്നാണ് ഹിന്ദു സ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Dilapidated government school building in Rampura Kanwarpura village demolished., State government announced a new building will be constructed for Rs 18 lakh., CJP activists faced attacks during their visit highlighting the school operating near a buffalo shed., The primary school in Bagru constituency was declared unsafe in September 2025.