ധന്‍കറിന് എംഎല്‍എ പെന്‍ഷന്‍ അനുവദിച്ചു, പ്രതിമാസം ലഭിക്കുക 42,000 രൂപ

ജഗ്ദീപ് ധൻകർ | Photo: PTI
ജഗ്ദീപ് ധൻകർ | Photo: PTI

ന്യൂഡല്‍ഹി: മുന്‍ എംഎല്‍എ എന്ന നിലയില്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കുംവേണ്ടി മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ച് രാജസ്ഥാന്‍ സ്പീക്കര്‍ വാസുദേവ് ദേവ്നാനി. ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച തീയതിമുതല്‍ ധന്‍കറിന് പ്രതിമാസം 42,000 രൂപ പെന്‍ഷന്‍ ലഭിക്കും. 70 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് അനുവദിക്കുന്ന 20 ശതമാനം അധിക ആനുകൂല്യവും ഉള്‍പ്പെടുന്നു.

1993-1998 കാലത്ത് രാജസ്ഥാന്‍ നിയമസഭയില്‍ കിഷന്‍ഗഢില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു ധന്‍കര്‍. 2019 ജൂലായ്വരെ ധന്‍കറിന് മുന്‍ നിയമസഭാംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ ലഭിച്ചിരുന്നു. പശ്ചിമബംഗാള്‍ ഗവര്‍ണറായതോടെ ഇത് നിലച്ചു. മുന്‍ ഗവര്‍ണര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ലെങ്കിലും മുന്‍ ഉപരാഷ്ട്രപതി, എംപി, എംഎല്‍എ എന്നീ നിലകളില്‍ ധന്‍കറിന് പെന്‍ഷന് അര്‍ഹതയുണ്ട്.

രാജസ്ഥാന്‍ സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയുടെകീഴില്‍ നല്‍കിവരുന്ന സൗജന്യ ചികിത്സാസൗകര്യം, സ്വന്തം യാത്രയ്ക്കും ഒപ്പമുള്ള ഒരു സഹായിക്കും രാജസ്ഥാന്‍ റോഡ് വേയ്സില്‍ സൗജന്യ യാത്രാ സൗകര്യം, വിദേശയാത്രയ്ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷംരൂപവരെ സഹായം, മാസത്തില്‍ അഞ്ചുദിവസം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം എന്നിവയും ലഭിക്കും.

മുന്‍ ഉപരാഷ്ട്രപതി എന്നനിലയില്‍ അദ്ദേഹത്തിന് പ്രതിമാസം രണ്ടുലക്ഷം രൂപയോളം പെന്‍ഷന്‍, ടൈപ്പ് 8 ബംഗ്ലാവ്, പേഴ്സണല്‍ സെക്രട്ടറി, ഡോക്ടര്‍, നഴ്സിങ് ഓഫീസര്‍, നാല് പിഎമാര്‍ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും.

Content Highlights: jagdeep dhankar will get mla pension