ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ ചേർത്തുപിടിച്ച് അമ്മയുടെ മൃതദേഹം; ജബൽപുർ ദുരന്തത്തിലെ നൊമ്പര കാഴ്ച

ജബൽപുർ: ജബൽപുർ ബോട്ടപകടത്തിന്റെ ദുരന്ത ചിത്രമാണ് ഒരു അമ്മയും മകനും. ദുരന്തത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന കാഴ്ച, നാലു വയസുകാരനായ മകനെ ലൈഫ് ജാക്കറ്റിനുള്ളിൽ ചേർത്തുപിടിച്ച നിലയിൽ കണ്ടെത്തിയ ഒരമ്മയുടെ മൃതദേഹമായിരുന്നു.
കഴിഞ്ഞ ദിവസമാണ് ശക്തമായ കാറ്റിൽ ബർഗി ഡാം റിസർവോയറിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഒമ്പത് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തത്. മുപ്പതോളം യാത്രക്കാരുമായി പോയ ക്രൂയിസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പിന്നാലെ വെള്ളിയാഴ്ച നടന്ന തിരിച്ചിലിനിടെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തത് രക്ഷാപ്രവർത്തകർക്കും അവിടെയുണ്ടായിരുന്നവർക്കും അതീവ ദുഃഖകരമായ കാഴ്ചയായിരുന്നു.
സംഭവസ്ഥലം സന്ദർശിച്ച സംസ്ഥാന മന്ത്രിമാർ മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. ബോട്ടിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞിരുന്നു. ലൈഫ് ജാക്കറ്റുകൾ ധരിച്ചവർ പോലും എന്തുകൊണ്ടാണ് അപകടത്തിൽപ്പെട്ടതെന്ന് അന്വേഷിക്കുമെന്ന് മന്ത്രി രാകേഷ് സിങ് അറിയിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി ധർമ്മേന്ദ്ര ഭാവ് സിങ്ങ് ലോധിയും മുഖ്യമന്ത്രി മോഹൻ യാദവും ഉറപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ വീശിയ ശക്തമായ കാറ്റിൽ ജലാശയം പ്രക്ഷുബ്ധമായതാണ് അപകടത്തിന് കാരണമായത്. ബോട്ട് തീരത്തേക്ക് തിരികെ കൊണ്ടുപോകാൻ യാത്രക്കാർ ജീവനക്കാരോട് അഭ്യർഥിച്ചെങ്കിലും അത് അവഗണിക്കപ്പെട്ടുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Tragic death of a mother and son found embraced in a life jacket at Bargi Dam., Nine casualties reported after a cruise boat capsized during strong winds., State government has initiated a high-level probe into safety lapses., Prime Minister Narendra Modi announced financial assistance for victims' families., Ongoing rescue operations by the State Disaster Response Force.