തത്ക്കാൽ ബുക്കിങ് രീതികൾ മാറും; അറിയാം പുതിയ മാറ്റങ്ങൾ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: UNI
പ്രതീകാത്മക ചിത്രം | Photo: UNI

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ തത്കാൽ ബുക്കിങ്ങിൽ ഇന്ന് മുതൽ മാറ്റങ്ങൾ നടപ്പാകും. ഓൺലൈനിലും ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ബുക്കിങ് കൗണ്ടറിലെ നേരിട്ടുള്ള ബുക്കിങ്ങിലാണ് കൂടുതൽ മാറ്റങ്ങൾ. ഐആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ?

  • കൗണ്ടർ ബുക്കിങ്ങിന് ടോക്കൺ

റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ടോക്കൺ സംവിധാനം ഏർപ്പെടുത്തും. ആദ്യമെത്തുന്നവർക്ക് ആദ്യ ടോക്കണുകൾ എന്ന ക്രമത്തിലായിരിക്കും ബുക്കിങ്. ടോക്കൺ വാങ്ങി ഇതിനനുസരിച്ചായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ക്യൂ നിൽക്കേണ്ടത്. എ.സി ക്ലാസ്സിനുള്ള ടോക്കൺ രാവിലെ 8.30നും 9.30നും ഇടയിലും നോൺ എ.സി ക്ലാസ്സിനുള്ള ടോക്കൺ 9 മണിക്കും 9.30നും ഇടയിൽ നൽകും.

കൗണ്ടർ ബുക്കിങ്ങിനും എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ടായിരിക്കും. മുൻഗണനാവിഭാഗമാണ് എ. ഇതുപൂർത്തിയായതിന് ശേഷം മാത്രമേ ബി വിഭാഗത്തിനെ പരിഗണിക്കുകയുള്ളൂ. തിരക്കും യാത്രക്കാരുടെ കാത്തിരിപ്പ് സമയവും കുറയ്ക്കാൻ ടോക്കൺ സംവിധാനം വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

  • ടിക്കറ്റ് ബുക്കിങ്ങിന് ആധാർ നിർബന്ധം

ഐആർസിടിസി വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ ഓതന്റിക്കേഷൻ നിർബന്ധമാണ്. വൺ ടൈം പാസ്‌വേർഡ് അടിച്ച് ഓതന്റിക്കേഷൻ നടപടികൾ പൂർത്തിയാക്കാം. ടിക്കറ്റ് ബുക്കിങ്ങിനുള്ള അംഗീകൃത ഏജന്റുമാർക്ക് തത്കാൽ ബുക്കിങ് ആരംഭിച്ച് ആദ്യത്തെ അര മണിക്കൂർ നേരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വിലക്കുണ്ട്. അതായത് ഏജന്റുമാർക്ക് 10 മുതൽ 10.30 വരെയും 11 മുതൽ 11.30 വരെയും ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ല.

  • ഓൺലൈൻ തത്ക്കാൽ ടിക്കറ്റ് ബുക്കിങ് അതിവേഗത്തിൽ

ഐആർസിടിസി ബീറ്റ വെബ്‌സൈറ്റിലെ പരിഷ്‌കരണം നടപ്പിലായതോടെ തത്കാൽ ടിക്കറ്റ് ബുക്കിങ്ങ് വേഗതയിലും മാറ്റം വന്നിട്ടുണ്ട്. ഐആർസിടിസി പുറത്തുവിട്ട ഡാറ്റ അനുസരിച്ച് ബീറ്റാ സൈറ്റ് പുറത്തിറങ്ങിയതിന് ശേഷം, തത്കാൽ ടിക്കറ്റ് വിൻഡോ തുറന്ന് ആദ്യ മൂന്ന് മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയ ബുക്കിംഗുകളിൽ 5 ശതമാനത്തിലധികം വർധനവുണ്ടായി. ജൂലൈ ആദ്യത്തെ അപേക്ഷിച്ച് അഞ്ച് മിനിറ്റിനുള്ളിൽ 3 ശതമാനവും 30 മിനിറ്റിനുള്ളിൽ 2 ശതമാനവും വർധനവുണ്ടായിയിട്ടുണ്ട്. 2026 ജൂലൈയിൽ മൊത്തം റെയിൽവേ ടിക്കറ്റ് ബുക്കിങ്ങുകളിലെ ഓൺലൈൻ ബുക്കിങ്ങുകൾ 89.84 ശതമാനം എന്ന റെക്കോർഡിലാണെത്തിയത്.

വെബ്‌സൈറ്റിലെ പ്രവർത്തനങ്ങൾക്ക് വേഗതയുണ്ടെങ്കിലും ആധാർ ഓതന്റിക്കേഷൻ കാരണം പലപ്പോഴും ബുക്കിങ്ങിന് കാലതാമസം നേരിടേണ്ടി വന്നേക്കാം. അതിനാൽ ആധാർ ഓതന്റിക്കേഷൻ മുൻകൂട്ടി തന്നെ പൂർത്തിയാക്കാൻ റെയിൽവേ നിർദേശിക്കുന്നുണ്ട്.

ഐആർസിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് ജൂലായ് 15ാണ് പുറത്തിറക്കിയത്. തിരക്കേറിയ സമയങ്ങളിൽ വെബ്സൈറ്റ് തകരാറിലാകാതിരിക്കാൻ സെർവർ ശേഷി വർധിപ്പിച്ചതോടൊപ്പം റെയിൽവെയുടെ പാസഞ്ചർ റിസർവേഷൻ സംവിധാനം പൂർണമായും നവീകരിച്ചതാണ് പുതിയ വെബ്‌സൈറ്റ്.

Content Highlights: Introduction of token system for railway counter bookings., Mandatory Aadhaar authentication for online and mobile app bookings., Restricted booking windows for authorized travel agents (10:00-10:30 and 11:00-11:30)., Online booking efficiency reached 89.84% in July 2026., Prioritized booking categories (A and B) at counters.