ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് ബിജെപി കോൺഗ്രസ് അധ്യക്ഷൻമാർക്ക് ക്ഷണം

ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട പാർട്ടികളുടെ അധ്യക്ഷന്മാർക്ക് ക്ഷണം. ബിജെപി പ്രസിഡന്റ് നിതിൻ നബിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്‌കാര ചടങ്ങ് അടുത്ത ആഴ്ചയാണ് നടക്കുക.
ഖമനേയിയുടെ അനുശോചന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട) സയീദ് അത്വാ ഹസ്‌നെയ്നും പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ബിജെപി-കോൺഗ്രസ് അധ്യക്ഷന്മാരെ കൂടാതെ മുക്താർ അബ്ബാസ് നഖ്‌വി, സൽമാൻ കുർഷിദ് തുടങ്ങിയ നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
1989 മുതൽ 2026 വരെ രാജ്യം ഭരിച്ച ഇറാനിയൻ നേതാവിന്റെ അന്ത്യകർമ്മങ്ങൾ ഷിയാ മുസ്ലിം കലണ്ടറിലെ പ്രധാന മാസമായ മുഹറത്തിലാണ് തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങുകൾ ആദ്യം മാർച്ച് 4 ന് നിശ്ചയിച്ചിരുന്നെങ്കിലും യുദ്ധത്തെത്തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.
Content Highlights: Ayatollah Khamenei passed away in 2026 following US-Israel strikes., BJP and Congress presidents invited to the funeral rites., India to be represented by Minister of State for External Affairs Pabitra Margherita and Governor Syed Ata Hasnain., PM Narendra Modi is unlikely to attend despite receiving an official invitation., Funeral rites scheduled for early March 2026.