പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന്‌ സ്റ്റേഡിയത്തിൽ ഉള്ളവർക്ക്‌ അറിയില്ലായിരുന്നു- IPL ചെയർമാൻ

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനായി ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയവര്‍ |ഫോട്ടോ:AP
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനായി ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയവര്‍ |ഫോട്ടോ:AP

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡയത്തിന് പുറത്ത് തിക്കും തിരക്കുംമൂലമുണ്ടായ ദുരന്തത്തിനിടയിലും ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സിന്റെ വിജയാഘോഷ പരിപാടി തുടര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ പുറത്ത് നടന്ന ദുരന്തം അകത്തുണ്ടായിരുന്ന സംഘാടകര്‍ അറിഞ്ഞില്ലെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ പറയുന്നത്.

ആര്‍സിബിയുടെ വിജയഘോഷ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 11  പേർ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഐപിഎല്‍ ചെയര്‍മാന്‍ വ്യക്തമാക്കി. 'അവസ്ഥ മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ റോയല്‍ ചാലഞ്ചേഴ്‌സ് മാനേജ്മെന്റുമായി സംസാരിച്ചു. അവര്‍ ചടങ്ങ് വേഗം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി. ഇത് തീര്‍ച്ചയായും സങ്കടകരവും ദാരുണവുമാണ്.' അരുണ്‍ ധുമല്‍ പറഞ്ഞു.

സ്റ്റേഡിയത്തിന് പുറത്ത് എന്താണ് സംഭവിച്ചതെന്ന് അകത്തുള്ള സംഘാടകര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഐപിഎല്ലുമായി ബന്ധപ്പെട്ട ബിസിസിഐയുടെ എല്ലാ പരിപാടികളും ചൊവ്വാഴ്ചയോടെ അവസാനിച്ചതാണ്. തുടര്‍ന്ന് നടത്തുന്ന പരിപാടികള്‍ ഫ്രാഞ്ചൈസികളുടെ ഉത്തരവാദിത്തത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Officials Inside Stadium Weren't Aware- IPL Chairman On Celebrations Amid Tragedy