ജന്തർമന്ദറിൽ അർധരാത്രിവരെ ഇന്റർനെറ്റ് റദ്ദാക്കി; സമരം കടുക്കുന്നു

ന്യൂഡൽഹി: ജന്തർമന്ദറിന് ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് റദ്ദാക്കി കേന്ദ്രസർക്കാർ. വ്യാഴാഴ്ച വൈകീട്ട് നാലുമുതൽ അർധരാത്രിവരെ ഇന്റർനെറ്റ് റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിക്കുകയായിരുന്നു. സി.ജെ.പി., കോൺഗ്രസ് പാർട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബുധനാഴ്ച വൈകുന്നേരം മുതൽതന്നെ പോലീസ് മേഖലയിൽ മൊബൈൽ ജാമറുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയിരുന്നു.
മധ്യഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ സർക്കാർ ടെലികോം കമ്പനികൾക്ക് നിർദേശം നൽകുകയായിരുന്നു. പ്രക്ഷോഭ കേന്ദ്രത്തിൽനിന്ന് രണ്ട് കിലോമീറ്ററിലധികം അകലെയുള്ള മാണ്ഡി ഹൗസ് മെട്രോ സ്റ്റേഷൻ പരിസരത്തുപോലുമുള്ള മൊബൈൽ ഡേറ്റാ സേവനങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നാലുവരെയായിരുന്നു തുടക്കത്തിൽ വിലക്കേർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ഇത് അർധരാത്രിവരെ നീട്ടി.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ സി.ജെ.പി. ദിവസങ്ങളായി തലസ്ഥാനത്ത് കനത്ത പ്രതിഷേധ സമരം തുടരുകയാണ്. കഴിഞ്ഞദിവസം ഇന്ത്യ മുന്നണികൂടി പ്രതിഷേധം തുടർന്നതോടെ രാജ്യതലസ്ഥാനം വലിയ സമരമുന്നേറ്റത്തിന് സാക്ഷിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സി.ജെ.പി.യുടെ നിലപാട്.
Content Highlights: Government-ordered internet suspension in a 1.5km radius around Jantar Mantar., Services extended until midnight following initial 4 PM deadline.