ശുചിത്വപൂര്‍ണം പക്ഷെ മനുഷ്യത്വരഹിതം; അശരണരായവരെ നഗരപ്രാന്തങ്ങളില്‍ തള്ളാന്‍ ശ്രമം

ഭോപ്പാല്‍: ഭവനരഹിതരായ വയോജനങ്ങളെ വാഹനത്തില്‍ കയറ്റി നഗരപ്രാന്തങ്ങളില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്കെതിരെ നടപടി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നഗരപാതയോരങ്ങളില്‍ അന്തിയുറങ്ങിയിരുന്ന പ്രായമേറിയ ആളുകളെ ദേശീയപാതയിലെ ക്ഷിപ്രയ്ക്ക് സമീപം ഉപേക്ഷിക്കാന്‍ ശ്രമം നടന്നത്. ഗ്രാമീണരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇവരെ ജീവനക്കാര്‍ മടക്കിക്കൊണ്ടു പോയി. തുടര്‍ച്ചയായി നാലാം കൊല്ലവും ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലമാണ് ഇന്‍ഡോര്‍.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും പ്രതിഷേധങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തതോടെയാണ് മുന്‍സിപ്പാലിറ്റി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. റോഡരികില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ നിന്ന് പ്രായമേറിയതും ക്ഷീണിതയുമായ ഒരു സ്ത്രീയെ ഇറക്കി വിടുന്ന ദൃശ്യമാണ് ഒരു വീഡിയോയില്‍. കീറിയ വസ്ത്രങ്ങള്‍ ധരിച്ചും പുതച്ചും കാണപ്പെടുന്ന സ്ത്രീയ്ക്ക് നിവര്‍ന്നിരിക്കാനുള്ള ആരോഗ്യം പോലുമില്ലെന്ന് വീഡിയോയില്‍ കാണാം.
ട്രക്കില്‍ കൊണ്ടുവന്നവരെ ഇറക്കി വിടുന്നതിനൊപ്പം അവരുടെ വസ്തുവകകളും റോഡരികിലേക്ക് വലിച്ചെറിയുന്നതും മറ്റൊരു വീഡിയോ ദൃശ്യത്തിലുണ്ട്. കടുത്ത ശൈത്യത്തില്‍ ആളുകളെ റോഡരികില്‍ ഉപേക്ഷിക്കുന്നതിനെ ഗ്രാമീണര്‍ എതിര്‍ക്കുന്നതും അവസാനം ആളുകളെ തിരികെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്നതും കാണാം.
ഭവനരഹിതരായവര്‍ക്ക് വേണ്ടി അഭയകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളതായും ഈ കേന്ദ്രങ്ങളില്‍ എത്തിക്കാതെ വയോജനങ്ങളെ പ്രാന്തപ്രദേശത്ത് ഉപേക്ഷിക്കാനുള്ള നീക്കത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അഡീഷണല്‍ കമ്മിഷണര്‍ അഭയ് രാജന്‍ഗോയങ്കര്‍ അറിയിച്ചു. രണ്ട് കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അഡീഷണല്‍ കമ്മിഷണര്‍ അറിയിച്ചു. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രതാപ് സോളങ്കിയേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായത്. വയോജനങ്ങളുടെ സംരക്ഷണത്തില്‍ വിട്ടുവീഴ്ച വരുത്തരുതെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും ചൗഹാന്‍ അറിയിച്ചു. പ്രായമായവര്‍ക്കെതിരെയുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ യാതൊരുവിധത്തിലും അനുവദിക്കാനാവില്ലെന്നും പ്രായമായവരോട് സ്‌നേഹത്തോടും ബഹുമാനത്തോടും പെരുമാറണമെന്നും അതാണ് നമ്മുടെ സംസ്‌കാരം മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Indore official suspended after video captures municipal workers trying to 'dump' homeless
Content Highlights: