പറക്കാൻ ഒരുങ്ങവേ യന്ത്രത്തകരാർ, വിമാനം റൺവേയിൽ ബ്രേക്കിട്ടു നിർത്തി; വിമാനത്തിൽ 3 മലയാളികളും

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മംഗളൂരു: ടേക്ക് ഓഫിനായി റൺവേയിൽനിന്ന് മുന്നോട്ടുനീങ്ങിയ വിമാനത്തിന് യന്ത്രത്തകരാർ കണ്ടെത്തിയതോടെ ബ്രേക്കിട്ട് നിർത്തി, യാത്ര റദ്ദാക്കി. പൈലറ്റിന്റെ അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ആകാശദുരന്തം.

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് 229 യാത്രക്കാരും ഏഴ് ജീവനക്കാരുമായി തിങ്കളാഴ്ച വൈകിട്ട് 6.10-ന് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് സർവീസ് റദ്ദാക്കിയത്. വിമാനം സാങ്കേതിക പ്രശ്നങ്ങളാൽ പറക്കാൻ കഴിയാത്തതാണെന്ന് (എയർക്രാഫ്റ്റ് ഓൺ ഗ്രൗണ്ട്) കണ്ടെത്തിയ പൈലറ്റ് ഉടനെ വിമാനം ബ്രേക്കിട്ട് നിർത്തുകയായിരുന്നു.

യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയശേഷം വിമാനം റൺവേയിൽനിന്ന് മാറ്റി പാർക്കിങ്‌ ബേയിൽ കൊണ്ടുവന്ന് എൻജിനിയറിങ് അധികൃതർ പരിശോധിച്ചു. എൻജിൻ പ്രവർത്തനത്തിൽ തകരാർ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം.യാത്രക്കാർക്ക് ഉടനെ താമസമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയെന്നും അത്യാവശ്യമുള്ള 34 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ രാത്രി 12.10-ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോയതായും വിമാനത്താവള അധികൃതർ അറിയിച്ചു.

വിമാനത്തിൽ മൂന്ന് മലയാളികളും

മംഗളൂരു വിമാനത്താവളത്തിൽ ടേക്ക്ഒാഫിനിടെ യന്ത്രത്തകരാറിനെ തുടർന്ന് റൺവേയുടെ അവസാന 100 മീറ്ററിൽ പെട്ടെന്ന് നിർത്തിയ വിമാനത്തിൽ മൂന്ന് മലയാളികളും.

ഹാഫിസ് ഷാഹുൽഹമീദ്, സുനിൽ അസീസ്, ഒ.ടി. ആരിഫ്

ദുബായിൽ വ്യവസായികളും ഉറ്റ കൂട്ടുകാരുമായ തൃശ്ശൂർ ശോഭാ സിറ്റിയിൽ താമസിക്കുന്നവരുമായ ഹാഫിസ് ഷാഹുൽഹമീദ്, ഗുരുവായൂർ പാലുവായ് സ്വദേശി ഒ.ടി. ആരിഫ്, കളമശ്ശേരി സ്വദേശി സുനിൽ അസീസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. മംഗളൂരുവിൽ വ്യവസായമീറ്റിനായി ദുബായിൽനിന്നെത്തിയവരാണ് മൂവരും. പരിപാടി കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ട് 6.10-ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിൽ മൂവരും കയറി.

മൂവർക്കും പിൻഭാഗത്ത് 33-ാം നിരയിലാണ് സീറ്റ് കിട്ടിയത്. ഏഴ് ജീവനക്കാരടക്കം 236 പേരുണ്ടായിരുന്നു വിമാനത്തിൽ. കൃത്യം ആറിന് വിമാനം പുറപ്പെട്ടു. റൺവേ തീരാൻ 70 മീറ്റർ മാത്രം ഉള്ളപ്പോഴാണ് വിമാനം നിന്നത്. യാത്രക്കാരെ ഉടൻ ഇറക്കി വിമാനം ബേയിലേക്കു മാറ്റി. അഗ്നി രക്ഷാ വാഹനങ്ങളും പാഞ്ഞെത്തി.ടേബിൾടോപ്പ് റൺവേയാണ് മംഗളൂരുവിലേത്.

വിമാനക്കമ്പനി യാത്രക്കാർക്ക് സുരക്ഷിതതാമസം ഒരുക്കി. ചൊവ്വാഴ്ച രാവിലെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ മുഴുവൻ ബെംഗളൂരുവിലെത്തിച്ചു. ഇതിനു ശേഷമാണ് സംഭവം വിമാനത്താവളാധികൃതർ പുറത്തുവിട്ടത്. ബെംഗളൂരുവിൽനിന്ന് സുനിൽ അസീസ് വന്ദേഭാരത് തീവണ്ടിയിൽ കളമശ്ശേരിയിലെത്തി. മറ്റു രണ്ടുേപരും വിമാനത്തിൽ ദുബായിലേക്കു തിരിച്ചു. യു.എ.ഇ.യിലെ ഇൻകാസ് പ്രസിഡന്റുകൂടിയാണ് സുനിൽ അസീസ്. ദുബായിലെ സാൻമാക്രോ ഗ്രൂപ്പ് ഉടമയാണ് ഒ.ടി. ആരിഫ്. യു.എ.ഇ.യിലെ ഇൻകാസിന്റെ തൃശ്ശൂർ ജില്ലാ പ്രസിഡന്റുകൂടിയാണ് ഹാഫിസ് ഷാഹുൽഹമീദ്. രക്ഷപ്പെട്ടതിൽ ദൈവത്തിനും പൈലറ്റിനും നന്ദി പറയുന്നതായി ഇൗ കൂട്ടുകാർ അറിയിച്ചു.

Content Highlights: A Bengaluru-bound IndiGo flight carrying 229 passengers and seven crew aborted takeoff at Mangaluru International Airport after the pilot detected an engine technical snag on the runway, averting a major tragedy.