ഇൻഡിഗോയുടെ അശ്രദ്ധയിൽ പൊട്ടിയത് പ്രീമിയം മദ്യക്കുപ്പി, 55,000 കൊടുക്കാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ

ചെന്നൈ: യാത്രക്കാരന്റെ ബാഗിലെ വിലകൂടിയ മദ്യക്കുപ്പി പൊട്ടിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻ കമ്പനി പിഴയൊടുക്കണമെന്ന് ഹൈദരാബാദിലെ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. സുരക്ഷിതമായി പായ്ക്ക് ചെയ്തതാണെന്ന് ഉറപ്പുവരുത്തിയ ശേഷം വിമാനക്കമ്പനി ഏറ്റെടുത്ത വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് കടുത്ത അനാസ്ഥയാണെന്ന് കോടതി വിലയിരുത്തി. ഇൻഡിഗോ കമ്പനി നഷ്ടപരിഹാരമായി നൽകിയ 500 രൂപയുടെ വൗച്ചർ അന്യായമാണെന്ന് പറഞ്ഞ കോടതി 55000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്. സാധനങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ കമ്പനികൾക്ക് കഴിയില്ലെന്നാണ് കമ്മീഷന്റെ നിലപാട്.
ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത വിനീത് മദ്ദാല എന്ന യാത്രക്കാരന്റെ ബാഗിലെ ഏകദേശം 35,000 രൂപ വിലമതിക്കുന്ന പ്രീമിയം മദ്യക്കുപ്പിയാണ് വിമാനയാത്രയ്ക്കിടെ തകർന്നത്. 35000 രൂപ വിലയുള്ള മദ്യക്കുപ്പി ചെക്ക് ഇൻ ബാഗേജിലുണ്ടായിരുന്നു. എന്നാൽ ചെന്നൈയിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കുപ്പി തകർന്നതായി കണ്ടെത്തിയത്. തുടർന്ന് ഇൻഡിഗോയ്ക്ക് ഇയാൾ ഇമെയിൽ പരാതി അയച്ചു. എന്നാൽ കുപ്പി പോലുള്ള വസ്തുക്കൾ യാത്രക്കാർ സ്വന്തം ഉത്തരവാദിത്വത്തിൽ കൊണ്ടുപോകണമെന്നായിരുന്നു എയർലൈൻ കമ്പനി നിലപാട്. തുടർന്ന് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകുകയും ചെയ്തു. തുടർന്നാണ് യാത്രക്കാരൻ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്.
സുരക്ഷിതമായി പാക്ക് ചെയ്ത ഒരു കുപ്പി സാധാരണ രീതിയിലുള്ള യാത്രയിൽ തകരില്ലെന്നും, ഗ്രൗണ്ട് സ്റ്റാഫ് ബാഗേജ് വലിച്ചെറിയുകയോ കടുത്ത അശ്രദ്ധ കാണിക്കുകയോ ചെയ്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഹൈദരാബാദ് ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു. നടപടിയിൽ, പൊട്ടാൻ സാധ്യതയുള്ള വസ്തുക്കൾ യാത്രക്കാരന്റെ സ്വന്തം ഉത്തരവാദിത്വത്തിലാണെന്ന് പറഞ്ഞ് വിമാനക്കമ്പനി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ, ശരിയായി പാക്ക് ചെയ്ത ഒരു വസ്തു വിമാനക്കമ്പനി ഏറ്റുവാങ്ങുമ്പോൾ അത് സുരക്ഷിതമായി എത്തിക്കാനുള്ള കൂടുതൽ ഉത്തരവാദിത്വം അവർക്കുണ്ടെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. 35,000 രൂപയുടെ നഷ്ടത്തിന് പകരം വെറും 500 രൂപയുടെ വൗച്ചർ നൽകാൻ ശ്രമിച്ചത് അന്യായമായമാണെന്നും കരാർ' ആണെന്നും കോടതി പറഞ്ഞു. തുടർന്നാണ് കുപ്പിയുടെ വിലയായ 35,000 രൂപയും യാത്രക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടിന് 15,000 രൂപയും കോടതി ചിലവുകൾക്കായി 5000 രൂപയും ചേർത്ത് ആകെ 55,000 രൂപ നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.
Content Highlights: Hyderabad Consumer Commission ruled against IndiGo for damaged baggage., The court rejected the airline's 'passenger responsibility' defense for checked-in items., Total compensation increased from a ₹500 voucher to ₹55,000., Airlines are held responsible for mishandling properly packed items.