ഇൻഡിഗോ യാത്രക്കാർക്ക് 20,000 സൗജന്യ ടിക്കറ്റുകൾ; ബമ്പർ ഓഫർ എങ്ങനെ നേടാം?

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവുംവലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സേവനത്തിന്റെ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി. ചരിത്രനേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് സൗജന്യമായി യാത്രചെയ്യാൻ അവസരമൊരുക്കുന്ന സമ്മാന പദ്ധതി കമ്പനി പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രക്കാർക്കായി 20,000 സൗജന്യ ടിക്കറ്റുകൾ നൽകുന്ന പ്രത്യേക പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ വാണിജ്യ സർവീസുകൾ ആരംഭിച്ചിട്ട് 20 വർഷം തികഞ്ഞതായി ഇൻഡിഗോ അറിയിച്ചു. 2006 ഓഗസ്റ്റ് നാലിന് ഡൽഹിയിൽനിന്ന് ഗുവഹത്തി വഴി ഇംഫാലിലേക്കായിരുന്നു ഇൻഡിഗോയുടെ ആദ്യ വിമാനം സർവീസ്. ഈ സുപ്രധാന നാഴികക്കല്ലിനെക്കുറിച്ച് സംസാരിക്കവേ, ഇന്ത്യക്കാർക്ക് വിമാനയാത്ര എളുപ്പമുള്ളതും താങ്ങാനാവുന്നതുമായ രീതിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ആരംഭിച്ചതെന്ന് ഇൻഡിഗോ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ പറഞ്ഞു.
‘ഹാപ്പി ഇൻഡിഗോ ഡേ’ ആഘോഷങ്ങളുടെ ഭാഗമായി ‘ഇൻഡിഗോഫ്രീ’ എന്ന പേരിലാണ് കമ്പനി ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നിരക്ക് റീഫണ്ട് നൽകിക്കൊണ്ട് 20,000 സൗജന്യ ടിക്കറ്റുകൾ സമ്മാനമായി നൽകും. വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, എഐ വെർച്വൽ അസിസ്റ്റന്റായ 6Eskai തുടങ്ങിയ ഇൻഡിഗോയുടെ നേരിട്ടുള്ള ബുക്കിങ് സംവിധാനങ്ങൾ വഴി 2026 ഓഗസ്റ്റ് നാല് മുതൽ ഓഗസ്റ്റ് ആറ് വരെയുള്ള തീയതികളിൽ നടത്തുന്ന ആഭ്യന്തര വിമാന ബുക്കിങ്ങുകൾക്കാണ് ഈ ഓഫർ ബാധകമായിരിക്കുന്നത്.
ഓഫർ കാലയളവിൽ ബുക്കിങ് നടത്തുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് അർഹരായ ഉപഭോക്താക്കളെ തിരഞ്ഞെടുക്കുകയെന്ന് കമ്പനി അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാർക്ക് ലളിതമായ ഒരു ചോദ്യത്തിന് മറുപടി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇമെയിലും വാട്സാപ്പ് സന്ദേശവും ലഭിക്കും. പരമാവധി മൂന്ന് തവണവരെ അവസരം നൽകിയിട്ടുള്ള ഈ ചോദ്യത്തിന് ശരിയായി ഉത്തരം നൽകുന്നവർക്ക്, ഒരു പി.എൻ.ആറിന് 10,000 രൂപ വരെ ബുക്കിങ് നിരക്ക് റീഫണ്ടായി ലഭിക്കും.
ആഭ്യന്തര ഇക്കോണമി ക്ലാസ്, ഇൻഡിഗോസ്ട്രെച്ച് ബുക്കിങ്ങുകൾ എന്നിവയ്ക്ക് ഈ പദ്ധതി ബാധകമാണ്. വൺ-വേ, റിട്ടേൺ യാത്രകൾ ഇതിൽ ഉൾപ്പെടും. മത്സരത്തിൽ വിജയികളാകുന്നവർക്ക് മൂന്ന് മുതൽ അഞ്ച് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ റീഫണ്ട് തുക ലഭ്യമാക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.
Content Highlights: To celebrate two decades of operations, India's largest airline IndiGo has announced a special 'IndiGoFree' scheme offering 20,000 free domestic flight tickets to lucky winners who book through their direct channels between August 4 and August 6, 2026.