ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണവുമായി യുവതി

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ കാര്യാലയം | Photo: AFP
ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ കാര്യാലയം | Photo: AFP

ന്യൂഡല്‍ഹി: പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി യുവതി. പാകിസ്താനിലേക്കുള്ള വിസ അനുവദിച്ചതിന് തന്റെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന് എംബസി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. രണ്ടുതവണ കൈയ്യില്‍ കയറിപ്പിടിച്ച ഉദ്യോഗസ്ഥന്‍ താന്‍ വിവാഹിതയാണോ എന്ന് ചോദിച്ചതായും യുവതി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.

'2021 മാര്‍ച്ചിലും ജൂണിലുമായി ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ പോയിരുന്നു. ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയ തന്നോട് അല്‍പനേരം കാത്തിരിക്കാന്‍ പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അവിശ്വാസപ്രമേയം പാസായതിനാല്‍ സര്‍ക്കാര്‍ അസ്ഥിരമാണെന്നും വിസ അനുവദിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ആസിഫ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍, തന്നെ സമീപിച്ചിരുന്നെങ്കില്‍ വിസ ലഭ്യമാക്കിയേനെ എന്ന് അടുത്ത് വന്ന് അറിയിച്ചു. കുറച്ചുനേരം കൂടി അവിടെ തുടരാനും അയാള്‍ ആവശ്യപ്പെട്ടു'- യുവതി പറഞ്ഞു.

കുറച്ചുകഴിഞ്ഞ് അയാള്‍ അതേ ഇടനാഴിയിലെ മറ്റൊരു മുറിയിലേക്ക് മാറി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. വിസ അനുവദിക്കേണ്ട ഓഫീസര്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് എത്തുമെന്ന് അയാള്‍ അറിയിച്ചു. തുടര്‍ന്ന് വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അയാള്‍ ചോദിക്കാന്‍ തുടങ്ങി. ഇതിനിടെ അയാള്‍ എന്നോട് വിവാഹിതയാണോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍, എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് ആരാഞ്ഞു. ലൈംഗിക താത്പര്യങ്ങള്‍ നിറവേറാന്‍ നിങ്ങള്‍ എന്താണ് ചെയ്യാറ് എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തികളുണ്ടോയെന്നും പുറത്ത് പോകാന്‍ ആരെങ്കിലും ഉണ്ടോയെന്നും വിവാഹേതര ബന്ധങ്ങള്‍ ഉണ്ടോയെന്നടക്കമുള്ള ചോദ്യങ്ങള്‍ അയാള്‍ പിന്നീട് ചോദിക്കാന്‍ തുടങ്ങിയെന്നും യുവതി പറഞ്ഞു. ഇന്ത്യയ്ക്കും കശ്മീരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരായി ലേഖനങ്ങള്‍ എഴുതാനും ഇയാള്‍ ആവശ്യപ്പെട്ടുവെന്നും യുവതി ആരോപിച്ചു.

Content Highlights: Indian woman alleges molestation by Pakistan embassy staffer