ഇന്ത്യൻ ഓഹരിവിപണിയിൽ വൻ തകർച്ച; നിക്ഷേപകർക്ക് 12 ലക്ഷം കോടി രൂപയോളം നഷ്ടം

മുംബൈ: ഇറാൻ യുദ്ധവും ക്രൂഡ് ഓയിൽ വിലവർധനവും കാരണം ആഗോളവിപണികളിലുണ്ടായ അനിശ്ചിതത്വം ഇന്ത്യൻ ഓഹരിവിപണിയിലും പ്രതിഫലിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ഇന്ത്യൻ സൂചികകൾ വൻ തകർച്ചയാണ് നേരിട്ടത്. തിങ്കളാഴ്ച ബിഎസ്ഇ സെൻസെക്‌സ് 2,494 പോയിന്റ് ഇടിഞ്ഞ് 76,424 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ഏകദേശം 2.8 ശതമാനം ഇടിഞ്ഞ് 23,800-ലാണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റിയിലെ 500-ലെ മിക്ക കമ്പനികളും തിങ്കളാഴ്ച നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോൾക്യാപ് എന്നിവ ഏകദേശം 1.8% വീതം ഇടിഞ്ഞു. ഇന്ത്യ വിക്‌സ് 20 ശതമാനം വർധിച്ച് 2024 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്നനിലയിലെത്തി. തിങ്കളാഴ്ചയിലെ തകർച്ചയിൽ ഇതിനോടകം തന്നെ നിക്ഷേപകർക്ക് 12 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
ക്രൂഡ് ഓയിൽ വിലയിലെ വർധനവ് ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ ഓഹരികളെ ബാധിച്ചു. എട്ടുശതമാനം വരെയാണ് എണ്ണക്കമ്പനികളുടെ ഓഹരികളിടിഞ്ഞത്. നിഫ്റ്റി 50-ൽ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.
മറ്റു ഏഷ്യൻ വിപണികളിലും തിങ്കളാഴ്ച വൻ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജപ്പാൻ നിക്കെയ് 225 സൂചിക 6.05 ശതമാനത്തോളം ഇടിഞ്ഞ് 53,000-ന് താഴെയെത്തി. ദക്ഷിണകൊറിയയിലെ കോസ്പി 6.5 ശതമാനവും ഓസ്‌ട്രേലിയയിലെ എഎസ്എക്‌സ് 200 സൂചിക 3.68 ശതമാനവും ഇടിഞ്ഞു.
ഇറാൻ യുദ്ധവും അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വർധിച്ചതുമാണ് വിപണിയെ പിടിച്ചുലച്ചത്. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറായി വർധിച്ചു. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയെ സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Sensex dropped 2,494 points and Nifty 50 fell 2.8% due to global instability., Investors lost approximately 12 lakh crore rupees in a single day., Crude oil price hike to $120/barrel triggered losses in oil companies and banking stocks., Asian markets including Nikkei 225 and Kospi showed significant downward trends.