എണ്ണ വാങ്ങുന്നതിന് റഷ്യയുമായി പുതിയ കരാറുകളിൽ ഏർപ്പെടാതെ ഇന്ത്യൻ കമ്പനികൾ; നീക്കം യുഎസ് ഉപരോധത്തിന് പിന്നാലെ

പ്രതീകാത്മകചിത്രം- എഎഫ്പി
പ്രതീകാത്മകചിത്രം- എഎഫ്പി

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് പുതുതായി എണ്ണ വാങ്ങുന്നതിന് കരാറുകളിൽ ഏർപ്പെടാതെ ഇന്ത്യന്‍ റിഫൈനറികള്‍. റഷ്യയിലെ രണ്ട് വമ്പന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ യുഎസ് കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്തരമൊരു നിലപാട് കൈക്കൊണ്ടത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുമ്പോഴുള്ള പണമിടപാടുകളെ കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരില്‍നിന്നും വിതരണക്കാരില്‍നിന്നും കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തിലെ അനിശ്ചിതത്വം, ചില എണ്ണ ശുദ്ധീകരണശാലകളെ ‘സ്‌പോട്ട് ബയിങ്ങി’ലേക്ക് (നേരത്തെ നിശ്ചയിച്ചുറപ്പിച്ചിട്ടില്ലാത്തതും പൊടുന്നനേ നടത്തുന്നതുമായ വാങ്ങല്‍) തള്ളിവിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എണ്ണയ്ക്കുവേണ്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുതിയ ടെണ്ടര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണക്കമ്പനിയായ റിലയന്‍സ് സ്‌പോട്ട് ബയിങ്ങിലേക്ക് കടന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞയാഴ്ചയാണ് റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലുക്ഓയിലിനും റോസ്‌നെഫ്റ്റിനും നേര്‍ക്ക് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ വിതരണമാര്‍ഗങ്ങളുടെയും പണമിടപാടുകളുടെയും കാര്യത്തില്‍ പുനര്‍വിചിന്തനത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യന്‍ റിഫൈനറികള്‍.

‘നിരവധി ചരക്കുനീക്കങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് ഉപരോധം നേരിടുന്ന കമ്പനികളുമായി ബന്ധമുള്ള വ്യാപാരികളില്‍നിന്നുള്ളത്’, ക്രൂഡ് സംഭരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉന്നതോദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചു. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളുമായുള്ള ഇടപാടുകള്‍ ബാങ്കുകള്‍ പ്രോസസ് ചെയ്യില്ലെന്നതിനാല്‍ ആരും പണമിടപാടുകള്‍ തടസ്സപ്പെടാന്‍ ആഗ്രഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഉപരോധം ചുമത്തപ്പെട്ടിട്ടില്ലാത്ത ഇടനിലക്കാര്‍ വഴി ചരക്കുനീക്കം നടത്താനാകുമോ എന്ന ആലോചനയും ഇന്ത്യന്‍ എണ്ണ ശുദ്ധീകരണക്കമ്പനികള്‍ പരിശോധിക്കുന്നതായി സൂചനയുണ്ട്. സര്‍ക്കാരില്‍നിന്നും വിതരണക്കാരില്‍നിന്നും കൂടുതല്‍ വ്യക്തത ലഭിക്കുന്നിടംവരെ പുതിയ ഓര്‍ഡറുകള്‍ നല്‍കുന്നില്ലെന്നും എണ്ണ ശുദ്ധീകരണക്കമ്പനി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Content Highlights: indian refinerries halts new russian oil deals