തീവണ്ടി ജനറൽ കോച്ചുകളിലും ഇനി ശുചീകരണം നടത്തും; -ഒന്നര മണിക്കൂർ ഇടവേളയിൽ വൃത്തിയാക്കും

വന്ദേഭാരത് ട്രെയിനിലെ ശുചീകരണം |ഫോട്ടോ:ANI
വന്ദേഭാരത് ട്രെയിനിലെ ശുചീകരണം |ഫോട്ടോ:ANI

ന്യൂഡൽഹി: തീവണ്ടി ജനറൽ കോച്ചുകളിലുൾപ്പെടെ നിശ്ചിത ഇടവേളകളിൽ ശുചീകരണം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം.

നിലവിൽ ഫസ്റ്റ്ക്ലാസ് കോച്ചുകളിൽമാത്രം നടപ്പാക്കുന്ന പദ്ധതിയാണ് റിസർവേഷനില്ലാത്ത ജനറൽ കോച്ചുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഒന്ന്-ഒന്നര മണിക്കൂർ ഇടവേളയിൽ ജീവനക്കാരെത്തി കോച്ചുകളും ടോയ്ലറ്റും വൃത്തിയാക്കും. ആദ്യഘട്ടത്തിൽ വിവിധ സോണുകളിലായി, തിരഞ്ഞെടുത്ത 80 ദീർഘദൂരവണ്ടികളിൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിൽ പറഞ്ഞു. മൂന്നുവർഷംകൊണ്ട് മുഴുവൻ വണ്ടികളിലേക്കും വ്യാപിപ്പിക്കും. നിർമിതബുദ്ധി സഹായത്തോടെ ശുചീകരണം നിരീക്ഷിക്കും.

തീവണ്ടികളിലെ ലിനൻ വിതരണം, ശേഖരണം, പായ്ക്കിങ്, ക്ലീനിങ് തുടങ്ങിയ ജോലികൾ ഒറ്റ ഏജൻസിക്ക് നൽകും. മൂന്നുവർഷത്തിനകം 124 ഗതിശക്തി കാർഗോ ടെർമിനലുകൾ സ്ഥാപിക്കും. ചരക്കുനീക്ക ചെലവ് കുറയ്ക്കാൻ കാർഗോ ടെർമിനലുകൾ മൾട്ടി മോഡൽ കണക്ടിവിറ്റി ഹബ്ബുകളാക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Indian Railways announces regular cleaning of general coaches, including toilets, every 1-1.5 hours.