പെട്രോൾ പമ്പുകളിൽ സ്വന്തം കുടിവെള്ള ബ്രാൻഡുമായി ഇന്ത്യൻ ഓയിൽ: ഇന്ധനേതര വരുമാനം ഉയർത്താൻ ബൃഹത് പദ്ധതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

ന്യൂഡൽഹി: സ്വന്തം ബ്രാൻഡിൽ പാക്കേജ്ഡ് കുടിവെള്ളം വിപണിയിലിറക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി). രാജ്യത്തുടനീളമുള്ള 43,000-ത്തിലധികം വരുന്ന ഐ.ഒ.സി റീട്ടെയിൽ ഔട്ട്‌‌ലെറ്റ് ശൃംഖലയിലൂടെ വിൽപന നടത്താനാണ് പദ്ധതി. കമ്പനിയുടെ ഇന്ധനേതര വരുമാനം വർദ്ധിപ്പിക്കുന്നതിനായാണ് പുതിയ നീക്കം.

കമ്പനിയുടെ ഇന്ധനേതര വരുമാനം 200 കോടി രൂപയിൽ നിന്ന് 760 കോടി രൂപയായി ഉയർത്താനും 11,000 കോടിയിലധികം രൂപയുടെ മൊത്തം ഉൽപ്പന്ന മൂല്യം കൈവരിക്കാനുമാണ് ഇന്ത്യൻ ഓയിൽ ലക്ഷ്യമിടുന്നത്. ബ്രാൻഡിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ഇന്ത്യൻ ഓയിലിന് തന്നെയായിരിക്കും. ഉത്പാദനം, ഗുണനിലവാരം ഉറപ്പാക്കൽ, വിതരണ ശൃംഖലാ പരിപാലനം, ലോജിസ്റ്റിക്‌സ് എന്നിവ അംഗീകൃത നിർമ്മാണ കേന്ദ്രങ്ങൾ വഴി പൂർണ്ണമായും നിർവ്വഹിക്കാൻ ശേഷിയുള്ള കമ്പനികളിൽ നിന്ന് ഇന്ത്യൻ ഓയിൽ താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

യാത്രാവേളകളിലെ ഉയർന്ന കുടിവെള്ള ആവശ്യകത കണക്കിലെടുത്ത് ഹൈവേ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കായിരിക്കും ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. തുടർന്ന് മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. പ്രാരംഭ ഘട്ടത്തിൽ 250 മില്ലിലിറ്റർ, 500 മില്ലിലിറ്റർ, 1 ലിറ്റർ പി.ഇ.ടി ബോട്ടിലുകളായിരിക്കും പുറത്തിറക്കുക. ഇതിൽ 1 ലിറ്റർ പാക്കറ്റായിരിക്കും പ്രധാന ഉൽപ്പന്നമായി വിപണിയിലെത്തിക്കുന്നത്. ഭാവിയിൽ പ്രീമിയം വാട്ടർ, നാച്ചുറൽ മിനറൽ വാട്ടർ, ആൽക്കലൈൻ വാട്ടർ, ഫങ്ഷണൽ ഹൈഡ്രേഷൻ ഉൽപ്പന്നങ്ങൾ എന്നിവയും കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.