ചരക്കുകപ്പൽ വളഞ്ഞ് കടൽക്കൊള്ളക്കാർ; തുരത്തിയോടിച്ച് ഇന്ത്യൻ നാവികസേന, കമാൻഡോ ഓപ്പറേഷൻ

#മാതൃഭൂമി ന്യൂസ്
Photo: ANI
Photo: ANI

ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ കടൽക്കൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേന. ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേയാണ് രക്ഷകരായി ഇന്ത്യൻ നാവികസേന എത്തിയത്. സേനയുടെ മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങിയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട എംവി ഗോൾഡൻ ആഴ്‌സണൽ എന്ന കപ്പലിൽനിന്നാണ് അപായസന്ദേശം എത്തിയത്. കടൽകൊള്ളക്കാർ കപ്പൽ വളയുകയും കപ്പലിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു എന്നുമായിരുന്നു സന്ദേശം. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ് എന്ന യുദ്ധക്കപ്പൽ അപായസന്ദേശത്തോട് പ്രതികരിച്ചു. തുടർന്ന് സേന സ്ഥലത്തെത്തി കടൽക്കൊള്ളക്കാരെ തുരത്തി ഓടിക്കുകയുമായിരുന്നു. കപ്പലിലെ ഒരു ജീവനക്കാരൻ ഇന്ത്യക്കാരനായിരുന്നു. 

കടൽകൊള്ളക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയതിന് പിന്നാലെ ക്രൂ അംഗങ്ങൾ ആന്റി പൈറസി പ്രോട്ടോക്കോൾ നടപ്പിലാക്കുകയും സുരക്ഷിതസ്ഥാനങ്ങളിൽ അഭയം തേടുകയും ചെയ്തു. പിന്നാലെ അടിയന്തര ആശയവിനിമയ മാർഗം വഴി വിവരം പുറത്തറിയിക്കുകയായിരുന്നു.

Content Highlights: Indian Navy responded to a distress signal from MV The Golden Arsenal, MARCOS commandos boarded the vessel to neutralize pirate threat, Crew implemented anti-piracy protocols and remained safe, INS Trikand led the successful rescue operation