'അത് അപകടമാണ്'; റഷ്യന്‍ സൈന്യത്തില്‍ ചേരാനുള്ള വാഗ്ദാനത്തില്‍ വീഴരുതെന്ന് വിദേശകാര്യ മന്ത്രാലയം

റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈനിലെ ജനവാസമേഖലയില്‍നിന്നുള്ള ദൃശ്യം | Photo: AP
റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈനിലെ ജനവാസമേഖലയില്‍നിന്നുള്ള ദൃശ്യം | Photo: AP

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. റഷ്യയിലേക്ക് പോയ ഇന്ത്യക്കാരില്‍ പലര്‍ക്കും യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകേണ്ടിവരുന്നുവെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 

ഈയടുത്ത് റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും വിഷമതകളെക്കുറിച്ചും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പലവട്ടം സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും വിദേശകാര്യ സെക്രട്ടറി രണ്‍ദീപ് ജയ്‌സ്വാള്‍ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ അറിയിച്ചു. 

ഈ നടപടി അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെയും മോസ്‌കോയിലെയും റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ബാധിക്കപ്പെട്ട ഇന്ത്യന്‍പൗരന്മാരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വളരെ അപകടംനിറഞ്ഞ വഴിയായതിനാല്‍ റഷ്യന്‍ സൈന്യത്തില്‍ ചേരാനുള്ള ഏത് വാഗ്ദാനത്തില്‍നിന്നും ഒഴിഞ്ഞുമാറണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് വീണ്ടും അഭ്യര്‍ഥിക്കുന്നതായും രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ അറിയിച്ചു.

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി വാഗ്ദാനംചെയ്ത് റഷ്യയിലെത്തിച്ച രണ്ട് ഇന്ത്യന്‍ യുവാക്കളെ യുക്രൈന്‍ യുദ്ധത്തിന്റെ മുന്നണിയിലേക്ക് കൊണ്ടുപോയെന്ന 'ദ ഹിന്ദു'വിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. നിലവില്‍ ഈ രണ്ട് യുവാക്കളും കിഴക്കന്‍ യുക്രൈനിലാണുള്ളത്. ചുരുങ്ങിയത് പതിമൂന്നോളം ഇന്ത്യക്കാരും സമാനസാഹചര്യത്തില്‍ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടെന്നും യുവാക്കള്‍ ഫോണ്‍മുഖാന്തരം അറിയിച്ചിട്ടുണ്ട്.

Content Highlights: indian mea urges citizens not to join russian army