സേനാതലപ്പത്തേക്ക് ദക്ഷിണേന്ത്യൻ മുഖങ്ങൾ; തമിഴ്‌നാടിന് ഇരട്ടസന്തോഷം

ന്യൂഡൽഹി: സംയുക്തസേനാ മേധാവിയായി ലഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണിയും നാവികസേനാമേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും വരുമ്പോൾ തമിഴ്‌നാടിന് ഇരട്ടിമധുരം. ഇരുവരും തമിഴ്നാട്ടുകാർ.
1985 ഡിസംബർ 14-ന് ഗഡ്‌വാൾ റൈഫിൾസിൽ എട്ടാം ബറ്റാലിയനിലാണ് ലഫ്. ജനറൽ സുബ്രമണി കമ്മിഷൻചെയ്തത്. കരസേനയിലെ നാൽപ്പതുവർഷത്തോളം നീണ്ട സർവീസ് കാലയളവിൽ സംഘർഷബാധിത മേഖലകളിലുൾപ്പെടെ സേവനമനുഷ്ഠിച്ചു. 2024 ജൂലായ് ഒന്നിനാണ് കരസേനയുടെ 47-ാമത് ഉപമേധാവിയായത്.
ലണ്ടനിലെ കിങ്‌സ് കോളേജിൽനിന്ന് ബിരുദാനന്തരബിരുദവും മദ്രാസ് സർവകലാശാലയിൽനിന്ന് എംഫിലും കരസ്ഥമാക്കി. അസമിൽ ഓപ്പറേഷൻ റിനോയുടെ ഭാഗമായി 16 ഗഡ്‌വാൾ റൈഫിൾസിനെ നയിച്ച ഇദ്ദേഹം ജമ്മു-കശ്മീരിലെ 168 ഇൻഫൻട്രി ബ്രിഗേഡ്, മധ്യമേഖലയിലെ 17 മൗണ്ടൻ ഡിവിഷൻ എന്നിവയെയും നയിച്ചു
നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഡിവിഷണൽ ഓഫീസർ, കസാഖ്‌സ്താനിൽ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെ, മിലിട്ടറി സെക്രട്ടറി ബ്രാഞ്ചിൽ അസിസ്റ്റന്റ് മിലിട്ടറി സെക്രട്ടറി, കിഴക്കൻ കമാൻഡ് ആസ്ഥാനത്ത് ജനറൽ സ്റ്റാഫ് ഓപ്പറേഷൻസ് കേണൽ, ജമ്മു-കശ്മീർ രാഷ്ട്രീയ റൈഫിൾസ് സെക്ടർ ഡെപ്യൂട്ടി കമാൻഡർ, പ്രതിരോധമന്ത്രാലയ ആസ്ഥാനത്ത് മിലിട്ടറി ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, കിഴക്കൻ കമാൻഡിൽ ഓപ്പറേഷൻസ് ജനറൽ സ്റ്റാഫ് ബ്രിഗേഡിയർ, വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ ചീഫ് ഇൻസ്ട്രക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിനുള്ള പരംവിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും സേനാമെഡലും വിശിഷ്ട സേവാമെഡലും നേടി.
കഴിഞ്ഞ വർഷം ജൂലായ് 31 മുതൽ പശ്ചിമ നേവൽ കമാൻഡിന്റെ 34-ാമത് ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയി പ്രവർത്തിച്ചുവരുന്ന വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, 1987 ജൂലായ് ഒന്നിനാണ് നാവികസേനയിൽ ഫ്ളാഗ് ഓഫീസറായി കമ്മിഷൻ ചെയ്തത്. കമ്യൂണിക്കേഷൻ ആൻഡ് ഇലക്‌ട്രോണിക് വാർഫെയറിൽ വിദഗ്ധനാണ്. ഐ.എൻ.എസ്. വിക്രമാദിത്യയിൽ കമാൻഡറായി സേവനമനുഷ്ഠിച്ചു.
കൊച്ചിയിലെ ദക്ഷിണ നേവൽ കമാൻഡ് ആസ്ഥാനത്ത് പരിശീലനവിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ഇന്ത്യൻ നേവൽ സേഫ്റ്റി ടീമിന് രൂപം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
വെസ്റ്റേൺ ഫ്ളീറ്റിന്റെ കമാൻഡിങ് ഓഫീസർ, ഓഫ്‌ഷോർ ഡിഫൻസ് അഡ്വൈസറി ഗ്രൂപ്പ് തലവൻ, നാവികസേനയുടെ 46-ാം ഉപമേധാവി എന്നീ നിലകളിലും മികവ് തെളിയിച്ചു. മികച്ച സൈനികസേവനത്തിനുള്ള പരംവിശിഷ്ട സേവാമെഡൽ, അതിവിശിഷ്ട സേവാമെഡൽ, വിശിഷ്ട സേവാമെഡൽ ബഹുമതികൾ നേടി.
Content Highlights: Lt. Gen. NS Subramani appointed as the new Chief of Army Staff equivalent role., Vice Admiral Krishna Swaminathan appointed as the new Chief of Naval Staff., Both officers hail from Tamil Nadu, marking a significant milestone., Detailed breakdown of their distinguished service records and military honors., Expertise in communication, electronic warfare, and strategic infantry command.