ബ്രിട്ടീഷ് വ്യോമസേന പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ സംഘം, കരാറായി, ഇത് ചരിത്രം

#ന്യൂസ് ഡെസ്ക്
Representational Image| photo: canva.com
Representational Image| photo: canva.com

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ ഇൻസ്ട്രക്ടർമാർ ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് (RAF) പൈലറ്റുമാർക്ക് പരിശീലനം നൽകാൻ ഒരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ തീരുമാനം. ന്യൂഡൽഹിയിൽ വെച്ച് നടന്ന 19-ാമത് ഇന്ത്യ-യുകെ എയർ സ്റ്റാഫ് ചർച്ചകളിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടുവെന്നാണ് റിപ്പോർട്ടുകൾ.

റോയൽ എയർഫോഴ്‌സ് കോളേജ് ക്രാൻവെൽ (Royal Air Force College Cranwell), ആർ.എ.എഫ് വാലി (RAF Valley) എന്നീ പ്രമുഖ കേന്ദ്രങ്ങളിലാകും ഇന്ത്യൻ ഇൻസ്ട്രക്ടർമാർ ബ്രിട്ടീഷ് പൈലറ്റുമാർക്ക് പരിശീലനം നൽകുക. ബിഎഇ ഹോക്ക്-ടി2 (BAE Hawk-T2), ടെക്‌സൻ-ടി1 (Texan-T1) എന്നീ അത്യാധുനിക പരിശീലന വിമാനങ്ങളിലായിരിക്കും റോയൽ എയർഫോഴ്‌സ് പൈലറ്റുമാർക്ക് ഇന്ത്യൻ ഇൻസ്ട്രക്ടർമാർ പരിശീലനം നൽകുക

പരിശീലനം നൽകുന്ന സമയമത്രയും ഇന്ത്യൻ ഉദ്യോഗസ്ഥർ ഇന്ത്യൻ വ്യോമസേനയുടെ നേരിട്ടുള്ള കമാൻഡിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ഇന്ത്യൻ വ്യോമസേനയിലെ 'ക്വാളിഫൈഡ് ഫ്‌ലയിംഗ് ഇൻസ്ട്രക്ടർമാർ' എന്ന നിലയിലാണ് ഇവർ ബ്രിട്ടീഷ് പൈലറ്റുമാർക്ക് പരിശീലനം നൽകുന്നത്. യുകെ മിലിട്ടറി ഫ്‌ളയിംഗ് ട്രെയിനിംഗ് സിസ്റ്റത്തിൽ (UK Military Flying Training Systems) ഈ ഉദ്യോഗസ്ഥരെ ഔദ്യോഗികമായി ഉൾപ്പെടുത്തുകയും ചെയ്യും. വ്യോമസേനയ്ക്ക് സമാനമായി ഇന്ത്യൻ നാവികസേനയിലെ ഇൻസ്ട്രക്ടർക്ക് ബ്രിട്ടാനിയ റോയൽ നേവൽ കോളേജിലും , ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥന് റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിലും ഇൻസ്ട്രക്ടർ പദവികൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ബ്രിട്ടന്റെ മൂന്ന് സൈനിക അക്കാദമികളിലും ഇന്ത്യൻ ഇൻസ്ട്രക്ടർമാർക്ക് പദവികൾ ലഭിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്.

2025 ഒക്ടോബറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ മുംബൈ സന്ദർശിച്ച വേളയിലാണ് ഇതുസംബന്ധിച്ച പ്രാഥമിക ധാരണകൾ ഉണ്ടായത്. ഈ വർഷം ജനുവരിയിൽ റോയൽ എയർഫോഴ്‌സ് കോളേജ് ക്രാൻവെല്ലിൽ ഒരു ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് പുതിയ വിപുലമായ കരാർ. കഴിഞ്ഞ വർഷങ്ങളിൽ നടന്ന 'തരംഗ് ശക്തി', 'കോബ്ര വാറിയർ' തുടങ്ങിയ സംയുക്ത സൈനിക അഭ്യാസങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്.

ബ്രിട്ടീഷ് എയർ സ്റ്റാഫ് അസിസ്റ്റന്റ് ചീഫ് എയർ വൈസ് മാർഷൽ ഇയാൻ ടൗൺസെൻഡ് ഈ കരാറിനെ ഒരു സുപ്രധാന നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. 'യുകെ-ഇന്ത്യ വിഷൻ 2035' എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് ബ്രിട്ടീഷ് പ്രതിരോധ ഉപദേഷ്ടാവ് കമ്മഡോർ ക്രിസ് സോണ്ടേഴ്‌സും വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും വ്യോമസേനകൾ തമ്മിലുള്ള വിശ്വാസവും വൈദഗ്ധ്യവും വർധിപ്പിക്കാൻ ഇത് സഹായിക്കും.

Content Highlights: India and UK deepen defense ties as IAF instructors will train Royal Air Force pilots in advanced aircraft. A significant milestone for bilateral military cooperation.