ജനാധിപത്യത്തെ രക്ഷിക്കാൻ പുതിയൊരു മുന്നേറ്റം വരും – കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാൻ പുതിയൊരു മുന്നേറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ. ഏത് ആയുധമുപയോഗിച്ചും തങ്ങളെ അടിച്ചമർത്താനും ജയിലിലടയ്ക്കാനും ബിജെപി ശ്രമിക്കുമെങ്കിലും ജനകീയ മുന്നേറ്റം ഉയർന്നുവരികതന്നെ ചെയ്യുമെന്ന് ലോക്‌സഭയിൽ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് വേണുഗോപാൽ പറഞ്ഞു. രണ്ടാംദിവസത്തെ ചർച്ചയ്ക്ക് തുടക്കമിട്ടത് വേണുഗോപാലാണ്.
ജനാധിപത്യവ്യവസ്ഥയിൽ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ അങ്ങനെയല്ലാതായെന്ന് വേണുഗോപാൽ പറഞ്ഞു. വോട്ടുകൊള്ളയെന്ന ദേശവിരുദ്ധപ്രവൃത്തിയെ പ്രതിരോധിക്കുന്നതിനുപകരം നിർഭാഗ്യവശാൽ തിരഞ്ഞെടുപ്പ് കമ്മിഷൻതന്നെ അത് നടപ്പാക്കിക്കൊടുക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക വഴി ജനാധിപത്യവ്യവസ്ഥയിൽ എല്ലാവർക്കും ഇടപെടാനുള്ള അവസരം ഇല്ലാതാക്കി. നിർണായകസന്ദർഭങ്ങളിലെല്ലാം ഇ.ഡി.യെയും സിബിഐയെയും ആദായനികുതിവകുപ്പിനെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നു.
എസ്‌ഐആറിനെ ന്യായീകരിക്കാൻ യുപിഎ ഭരണകാലത്തും അത് നടന്നിട്ടില്ലേയെന്നാണ് ചോദിക്കുന്നത്. എന്നാൽ, യുപിഎ കാലത്ത് എസ്‌ഐആർ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നില്ല. മഹാരാഷ്ട്രയിലും അരുണാചൽപ്രദേശിലും തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിനാൽ എസ്‌ഐആർ മാറ്റിവെച്ചിരുന്നു. ഇപ്പോൾ ബിഹാറിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് എസ്‌ഐആർ നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയുടെ ഏജന്റായി പ്രവർത്തിക്കുന്നത് ദൗർഭാഗ്യകരമാണെന്നും വേണുഗോപാൽ പറഞ്ഞു.
Content Highlights: Congress leader KC Venugopal warns BJP`s crackdown will fail. A new people`s movement will rise to save India`s democracy. Election Commission`s bias exposed.