രാജ്യത്ത് 40 ശതമാനം സമ്പത്തും ഒരു ശതമാനത്തിന്റെ കൈവശം

മുംബൈ: വരുമാന അസമത്വം ഏറ്റവും ഉയർന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ദേശീയ വരുമാനത്തിന്റെ 58 ശതമാനവും പത്തുശതമാനം വരുന്ന ആളുകളിലേക്കാണ് പോകുന്നതെന്നും ലോക അസമത്വറിപ്പോർട്ട്. താഴെത്തട്ടിലുള്ള 50 ശതമാനം പേർക്ക് ലഭിക്കുന്നത് വരുമാനത്തിന്റെ 15 ശതമാനം വിഹിതംമാത്രമാണ്.
സമ്പത്തിന്റെ വിതരണത്തിലും ഈ വ്യത്യാസം രൂക്ഷമാണ്. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 65 ശതമാനവും അതിസമ്പന്നരായ പത്തുശതമാനം പേരുടെ കൈവശമാണ്. അതിസമ്പന്നരായ ഒരു ശതമാനം വരുന്നവരുടെ കൈവശമാണ് 40 ശതമാനം സമ്പത്തെന്നും വേൾഡ് ഇൻഇക്വാലിറ്റി ലാബ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.
2022-ലായിരുന്നു ലോക അസമത്വ റിപ്പോർട്ട് അവസാനമായി പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് 2021 വരെ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 57 ശതമാനം വരെ ഉയർന്ന വരുമാനമുള്ള പത്തുശതമാനത്തിനാണ് പോയിരുന്നത്. ഇപ്പോഴും സ്ഥിതിയിൽ വലിയ മാറ്റമില്ല. താഴെയുള്ള 50 ശതമാനത്തിനു ലഭിക്കുന്ന വിഹിതം 13 ശതമാനമായിരുന്നു. ഇപ്പോഴിതിൽ രണ്ടു ശതമാനം വർധന പ്രകടമാണ്.
രാജ്യത്തെ ശരാശരി ആളോഹരി വാർഷിക വരുമാനം 6.59 ലക്ഷം (6200 യൂറോ) രൂപയാണ്. ശരാശരി ആളോഹരി സമ്പത്ത് 29.65 ലക്ഷം (28,000 യൂറോ) രൂപയും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളരെ താഴ്ന്ന നിലയിലാണ്. 15.7 ശതമാനം മാത്രം. കഴിഞ്ഞ ദശാബ്ദത്തിൽ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി നേടാനായിട്ടില്ല. വരുമാനം, സമ്പത്ത്, ലിംഗം എന്നീ വിഭാഗങ്ങളിലുള്ള അസമത്വം രാജ്യത്ത് രൂക്ഷമായി തുടരുകയാണെന്നും സാമ്പത്തിക വിദഗ്‌ധരായ ജയന്തി ഘോഷും ജോസഫ് സ്റ്റിഗ്ളിസും തയ്യാറാക്കിയ ആമുഖ റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ സമ്പത്ത് ചരിത്രത്തിലെ ഉയർന്ന നിലയിലേക്കെത്തിയിട്ടുണ്ടെങ്കിലും വിതരണം ക്രമമല്ല. താഴെത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ കൈവശമുള്ള സമ്പത്തിന്റെ മൂന്നു മടങ്ങിലധികമാണ് 0.001 ശതമാനം മാത്രം വരുന്ന അറുപതിനായിരത്തോളം ശതകോടീശ്വരന്മാരുടെ കൈവശമുള്ളത്. ഇവരുടെ വിഹിതം തുടർച്ചയായി ഉയരുന്നു. 1995-ൽ നാലു ശതമാനം മാത്രമായിരുന്നു വിഹിതമെങ്കിൽ ഇപ്പോഴിത് ആറു ശതമാനമായി കൂടി. ആഗോള അസമത്വം സ്ഫോടനാത്മകമായ നിലയിൽ ഉയരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ ഏറ്റവും മുന്നിലുള്ള പത്തു ശതമാനത്തിന്റെ കൈവശമാണ് നാലിൽ മൂന്നുഭാഗം സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത്. താഴെതട്ടിലുള്ള 50 ശതമാനം പേർക്ക് രണ്ടുശതമാനം മാത്രമാണ് വിഹിതം.
Content Highlights: India faces extreme income and wealth inequality