ഇന്ത്യ-യു.എസ്. ഇടക്കാലകരാർ ആഴ്ചകൾക്കകം അന്തിമമാകും; വിവരരേഖ പുറത്തുവിട്ട് യു.എസ്.

#ന്യൂസ് ഡെസ്ക്
Photo: PTI
Photo: PTI

ന്യൂയോർക്ക്: ഇന്ത്യയും യു.എസും തമ്മിലുള്ള നിർദിഷ്ട ഇടക്കാല വ്യാപാരക്കരാർ ഏതാനും ആഴ്ചയ്ക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഈ കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാകുന്നവിധത്തിലായിരിക്കുമെന്നും പറഞ്ഞു. തിങ്കളാഴ്ച വൈറ്റ്ഹൗസ് പുറത്തുവിട്ട ‘യു.എസും ഇന്ത്യയും ചരിത്രപരമായ വ്യാപാരക്കരാർ പ്രഖ്യാപിച്ചു (ഇടക്കാല കരാർ)’ എന്നപേരിലുള്ള വിവരരേഖയിലാണ് ഇക്കാര്യം പറയുന്നത്.

അതുകൂടാതെ, ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന തീരുവയിതര നിയന്ത്രണങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, കസ്റ്റംസ് നടപടികൾ, അന്യായമായ വ്യാപാരനടപടികൾക്കെതിരേ സ്വീകരിക്കുന്ന നടപടി, ബൗദ്ധിക സ്വത്തവകാശം, തൊഴിൽനയം, തൊഴിലാളി അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, സേവനം, നിക്ഷേപം, സർക്കാർ ആവശ്യങ്ങൾക്കായുള്ള വാങ്ങലുകൾ എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ തുടരുമെന്നും അറിയിച്ചു.

ഫലപ്രദമായ ഉഭയകക്ഷിവ്യാപാരത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖയുണ്ടാക്കിയതായി ഇന്ത്യയും യു.എസും സംയുക്തപ്രസ്താവനയിലൂടെ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുശേഷമാണ് വൈറ്റ്ഹൗസ് ഫാക്ട്ഷീറ്റ് പുറത്തുവിടുന്നത്.

കരാറിലെ സുപ്രധാന വ്യവസ്ഥകളെല്ലാം അതിലുമുണ്ട്. യു.എസിന്റെ എല്ലാ വ്യാവസായികോത്പന്നങ്ങൾക്കും വിവിധ ഭക്ഷ്യ-കാർഷികോത്പന്നങ്ങൾക്കും ഇന്ത്യ തീരുവ പൂർണമായും ഇളവുചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് അതിൽ പറയുന്നു. ഊർജം, ഐ.ടി. സാങ്കേതികവിദ്യ, കൃഷി, കൽക്കരി തുടങ്ങി വിവിധമേഖലകളിലായി 50,000 കോടി ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട് -രേഖയിൽ പറയന്നു.

Content Highlights: india us trade deal