'ലോകത്തിനുവേണ്ടി ഇന്ത്യയിൽ നിർമ്മിക്കുക' എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ വ്യാപാരക്കരാറിനാകും – ഗോയൽ

പിയൂഷ് ഗോയല്‍ |ഫോട്ടോ:PTI
പിയൂഷ് ഗോയല്‍ |ഫോട്ടോ:PTI

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ പാർലമെന്റിൽ പ്രസ്താവന നടത്തി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. കൃഷി, പാൽ തുടങ്ങിയ തന്ത്രപ്രധാനമേഖലയ്ക്ക് കരാറിൽ സംരക്ഷണമുണ്ടെന്നും അത് ഇന്ത്യയുടെ വിജയമാണെന്നും പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർഥ്യമായത്. തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇരുപക്ഷത്തിന് താത്പര്യമുണ്ടാകുക സ്വാഭാവികമാണെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.

'ലോകത്തിനുവേണ്ടി ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനുവേണ്ടി ഇന്ത്യയിൽ രൂപകൽപന ചെയ്യുക, ലോകത്തിനുവേണ്ടി ഇന്ത്യയിൽ നൂതനമായി കണ്ടെത്തുക' എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ കരാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരാർ ചെറുകിട, ഇടത്തരം വ്യാപാരികൾക്കും, എം.എസ്.എം.ഇകൾക്കും, വ്യവസായികൾക്കും, വിദഗ്ധ തൊഴിലാളികൾക്കും, വ്യവസായങ്ങൾക്കും പുതിയ അവസരങ്ങൾ നൽകും. നൂതന സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നത് എളുപ്പമാക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി ലോക്‌സഭയിൽ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഫെബ്രുവരി രണ്ടിന് പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉഭയകക്ഷി, അന്താരാഷ്ട്ര പ്രാധാന്യമുള്ള നിരവധി വിഷയങ്ങളിൽ ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് ട്രംപ് തീരുവ 18% ആയി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് ഇന്ത്യയുമായി മത്സരിക്കുന്ന പല രാജ്യങ്ങൾക്കുമുള്ള  തീരുവയേക്കാൾ കുറവാണെന്നും ഗോയൽ വ്യക്തമാക്കി.

ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിത ഭാരതം 2047 ലക്ഷ്യത്തിലേക്കുള്ള നമ്മുടെ പ്രയാണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഒരു വലിയ ചുവടുവെപ്പാണിത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

Content Highlights: India-US Trade Deal: Minister Piyush Goyal Highlights Protection for Key Sectors in Parliament