കർഷകരെ സംരക്ഷിക്കും, വെനസ്വേലൻ എണ്ണ വാങ്ങും;ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്ത്

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും |ഫോട്ടോ:PTI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും |ഫോട്ടോ:PTI

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിന് കീഴിൽ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. വെനസ്വേലയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഉൾപ്പെടെയുള്ള ഊർജ്ജ ഉൽപ്പന്നങ്ങളുടെ തന്ത്രപരമായ വാങ്ങലുകൾ പുതിയ കരാറിന്റെ ഭാഗമാണെന്നും അവർ അറിയിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തീരുമാനമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 

കൃഷി, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾക്ക് സംരക്ഷണം തുടരും, ചർച്ചകളിൽ കർഷകരുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളിലൊന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കരാർ സംബന്ധിച്ച കാര്യങ്ങൾ ഇന്ന് പാർലമെന്റിൽ വിശദീകരിച്ചേക്കുമെന്നാണ് വിവരം.

കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള തീരുവ 25 ശതമാനത്തിൽ 18 ആയി കുറച്ചെന്ന് ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. യുഎസുമായുള്ള വ്യാപാര കരാർ ദീർഘകാലത്തെ ക്ഷമയുടെ ഫലമാണെന്നും താരിഫ് ചർച്ചകളെക്കുറിച്ചുള്ള വിമർശനങ്ങൾ ഇപ്പോൾ രാജ്യത്തിന് അനുകൂലമായ ഫലത്തിലെത്തിയെന്നും പ്രധാനമന്ത്രി എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലും പറഞ്ഞു.

കരാർ പ്രകാരം അന്താരാഷ്ട്ര ഉപരോധം നേരിടാത്ത രാജ്യങ്ങളിൽനിന്ന് നിലവിലെ വിപണി നിരക്കിൽ ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.'ഉപരോധം നിലവിലിരുന്നപ്പോൾ നമ്മൾ വെനസ്വേലയിൽ നിന്ന് വാങ്ങിയിരുന്നില്ല. ഇപ്പോൾ ഉപരോധം നീക്കം ചെയ്തതിനാൽ ഞങ്ങൾ വാങ്ങും' കേന്ദ്രം പറയുന്നു.

Content Highlights: India-US Trade Deal: Farmer Interests Secured, Energy Purchases Strategized