ഇന്ത്യക്കാർ ടെഹ്റാൻ വിടണമെന്ന് നിർദേശം, കൂടെ വിദേശപൗരന്മാർ പാടില്ല; യാത്ര അർമേനിയ അതിർത്തിവഴി

ന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ടെഹ്‌റാന്‍ വിടണമെന്ന് നിര്‍ദേശം. ഇന്നുതന്നെ ടെഹ്‌റാന്‍ വിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ കൂടെ വേറെ വിദേശ പൗരന്മാര്‍ ഉണ്ടാവാന്‍ പാടില്ല. അര്‍മേനിയയ്‌ക്കൊപ്പം കസാഖ്‌സ്താന്‍, ഉസ്‌ബെക്കിസ്താന്‍ അതിര്‍ത്തി വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. വിഷയത്തില്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചു.
ഇസ്രയേല്‍ കൂടുതല്‍ ആക്രമണം നടത്തുന്നത് ടെഹ്‌റാനിലായതിനാല്‍ തിങ്കളാഴ്ചതന്നെ ഇന്ത്യക്കാര്‍ ടെഹ്‌റാന്‍ വിടണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. തുടര്‍ന്ന് അര്‍മേനിയ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ സംസാരിച്ചു.
ഇന്ത്യക്കാരെ ഒഴിപ്പിക്കുകയാണെങ്കില്‍ അതിനുവേണ്ട സഹായങ്ങള്‍ നല്‍കണമെന്ന് ഇന്ത്യ അര്‍മേനിയയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കസാഖ്‌സ്താന്‍ വഴിയും ഉസ്‌ബെക്കിസ്താന്‍ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മൂവായിരത്തോളം വിദ്യാര്‍ഥികളുള്‍പ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാനിലുണ്ട്.
ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാര്‍ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇറാനില്‍ ഏതാനും മലയാളികളും കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയ മലപ്പുറം സ്വദേശികളാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നത്. യുദ്ധം തുടങ്ങും മുന്‍പാണ് ഇവര്‍ ടെഹ്‌റാനില്‍ എത്തിയത്. ഇവര്‍ ഹോട്ടലില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
Content Highlights: India urges its citizens in Tehran to leave immediately due to escalating tensions