‘ഉപദേശിക്കാതെ സ്വന്തം രാജ്യത്തെ സ്ഥിതിനോക്കൂ’; രാമക്ഷേത്രത്തേക്കുറിച്ചുള്ള പാക് പരാമർശത്തിനെതിരേ ഇന്ത്യ

ന്യൂഡല്‍ഹി: രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിനേക്കുറിച്ചുള്ള പാകിസ്താന്റെ പരാമര്‍ശത്തിനെതിരേ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വര്‍ഗീയതയുടേയും ന്യൂനപക്ഷ അടിച്ചമര്‍ത്തലുകളുടേയും നീണ്ട ചരിത്രമുള്ള പാകിസ്താന് മറ്റുള്ളവരെ ഉപദേശിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. കപട പ്രസംഗങ്ങള്‍ നടത്തുന്നതിന് പകരം പാകിസ്താന്‍, ദയനീയമായ സ്വന്തം മനുഷ്യാവകാശം സംബന്ധിച്ച രേഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാമര്‍ശങ്ങള്‍ കണ്ടു. അവ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു. വര്‍ഗീയത, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങളെ അവഗണിക്കൽ എന്നിവയുടെ കറപുരണ്ട ചരിത്രമുള്ള രാജ്യമെന്ന നിലയില്‍, മറ്റുള്ളവരെ ഉപദേശിക്കാന്‍ പാകിസ്താന് ധാര്‍മികമായി അവകാശമില്ല. കപടമായ പ്രസംഗങ്ങള്‍ നടത്തുന്നതിനു പകരം പാകിസ്താന്‍ സ്വന്തം രാജ്യത്തേക്ക് നോക്കുകയും ദയനീയമായ മനുഷ്യാവകാശ രേഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്', പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തിന്റെ ഭാഗവും മുസ്‌ലിം പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമവുമാണെന്ന് പാകിസ്താന്‍ ആരോപിച്ചിരുന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അയോധ്യയിലെ ക്ഷേത്രത്തില്‍ കാവിക്കൊടി ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു പാകിസ്താന്റെ പരാമര്‍ശം.