വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ; കൊണ്ടുവരാൻ പ്രത്യേക അനുമതിവേണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | െമറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്
പ്രതീകാത്മകചിത്രം | െമറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്

ന്യൂഡൽഹി: വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. വെള്ളിയുടെ വിവിധരൂപങ്ങളെ ഇറക്കുമതി നയത്തിലെ ‘സൗജന്യം’ എന്ന വിഭാഗത്തിൽനിന്ന് ‘നിയന്ത്രിത വിഭാഗ’ത്തിലേക്ക് മാറ്റി. പുതുക്കിയ നിയമപ്രകാരം 99.9 ശതമാനം ശുദ്ധതയുള്ള വെള്ളി, സെമി മാനുഫാക്‌ച്വേഡ്, പൊടിരൂപത്തിലുള്ള വെള്ളി എന്നിവ ഇനി ഇറക്കുമതി ചെയ്യണമെങ്കിൽ സർക്കാർ അനുമതി നിർബന്ധമാണ്.

ചില വിഭാഗത്തിൽപ്പെട്ട വെള്ളി ഇറക്കുമതിയെ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾക്ക് കീഴിലാക്കിയിട്ടുമുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി)യാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വ്യാവസായികമായും നിക്ഷേപമായും ഉപയോഗിക്കുന്ന വെള്ളിയുടെ വിവിധ രൂപങ്ങൾ നിയന്ത്രണത്തിന് കീഴിൽ വരുന്നുണ്ട്. ഇവയിലേറെയും ഇതുവരെ സൗജന്യം എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ, സർക്കാരിന്റെ പുതിയ നീക്കത്തോടെ, സർക്കാരിൽനിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടിവരും. പുതിയ മാറ്റത്തോടെ സിൽവർ ബാറുകൾ, അൺറോട്ട് സിൽവർ, സെമി മാനുഫാക്‌ച്വേഡ് സിൽവർ, സിൽവർ പൗഡർ എന്നിവയുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലാണ് വരുന്നത്. അതായത് ഇതിന്റെ ചരക്കുനീക്കം സാധ്യമാകണമെങ്കിൽ സർക്കാരിന്റെ അനുമതി ലഭിച്ചേ മതിയാകൂ.

ഇന്ത്യയുടെ ഇറക്കുമതി ബില്ലിനുമേൽ സമ്മർദം ചെലുത്താനിടയുള്ള, വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്തുക എന്ന നയം നടപ്പാക്കുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. നേരത്തെ സ്വർണത്തിനും വെള്ളിക്കും മേലുള്ള ഇറക്കുമതി തീരുവ യഥാക്രമം 15 ശതമാനവും ആറ് ശതമാനവും വർധിപ്പിച്ചിരുന്നു.

Content Highlights: Silver imports moved from free to restricted category by DGFT., Prior government authorization required for 99.9% pure silver, powder, and semi-manufactured forms., RBI regulations now apply to specific silver categories., Policy aimed at reducing pressure on India's import bill., Follows previous hike in import duties on precious metals.