‘ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ’; ശനിയാഴ്ച രാജ്യവ്യാപകമായി ആപ്പ് അധിഷ്ഠിത ടാക്സിഡ്രൈവർമാർ പണിമുടക്കും

ന്യൂഡൽഹി: ശനിയാഴ്ച രാജ്യവ്യാപകമായി ആപ്പ് അധിഷ്ഠിത ടാക്സി ഡ്രൈവർമാർ പണിമുടക്കിന് ആഹ്വാനം ചെയ്തു. 'ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷേധത്തിൽ ഒല, ഊബർ, റാപിഡോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡ്രൈവർമാർ തങ്ങളുടെ ആപ്പുകൾ ഒരേസമയം ഓഫാക്കി പണിമുടക്കും. തെലങ്കാന ജിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയന്റെയും മറ്റ് ദേശീയ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് സമരം. കൃത്യമായ നിരക്ക് നിശ്ചയിക്കാത്തതും നിലനിൽക്കുന്ന ചൂഷണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
സമരത്തിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് യൂണിയൻ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കത്തെഴുതി. ഒല, ഊബർ, റാപിഡോ, പോർട്ടർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്ക് സംവിധാനം ഇല്ലാത്തതിനാൽ കമ്പനികൾ സ്വന്തം ഇഷ്ടപ്രകാരം നിരക്കുകൾ തീരുമാനിക്കുകയാണെന്ന് ഇവർ പരാതിപ്പെടുന്നു. ഇത് ഡ്രൈവർമാരുടെ വരുമാനത്തെ സാരമായി ബാധിക്കുകയും സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങളിലേക്കും സാമ്പത്തിക ചൂഷണത്തിലേക്കും ദശലക്ഷക്കണക്കിന് തൊഴിലാളികളെ തള്ളിവിടുകയും ചെയ്യുന്നുവെന്ന് യൂണിയൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം മിനിമം അടിസ്ഥാന നിരക്ക് സർക്കാർ വിജ്ഞാപനം ചെയ്യണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്ത് വേണം ഈ നിരക്കുകൾ തീരുമാനിക്കാൻ. കൂടാതെ, സ്വകാര്യ വാഹനങ്ങൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കണമെന്നും അല്ലെങ്കിൽ അവ വാണിജ്യ വിഭാഗത്തിലേക്ക് നിർബന്ധമായും മാറ്റണമെന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നു. കമ്പനികൾ ലാഭം കൊയ്യുമ്പോൾ ഡ്രൈവർമാർ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്നും യൂണിയൻ ആരോപിക്കുന്നു.
Content Highlights: Drivers for Ola, Uber, and Rapido plan a nationwide strike on Feb 7, causing potential travel disruptions. Commuters advised to plan alternative travel.