'അനാവശ്യം, ആഭ്യന്തര വിഷയത്തിലുള്ള ഇടപെടൽ'; CAA-യിൽ യു.എസിന്റെ അഭിപ്രായപ്രകടനം തള്ളി ഇന്ത്യ

Photo: ANI
Photo: ANI

ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയിൽ അഭിപ്രായം പ്രകടിപ്പിച്ച അമേരിക്കയെ തള്ളി ഇന്ത്യ. വിജ്ഞാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന അമേരിക്കയുടെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പ്രതികരിച്ചത്. 

അമേരിക്കയുടെ അഭിപ്രായപ്രകടനം അനാവശ്യവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വം നൽകുന്നതിനെ സംബന്ധിച്ചതാണ് പൗരത്വനിയമം, അല്ലാതെ പൗരത്വം എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ടല്ല. മനുഷ്യാവകാശവും മാനുഷികമായ അന്തസ്സും നൽകുന്നതാണത്. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെക്കുറിച്ചും വിഭജനത്തിനുശേഷമുള്ള ചരിത്രത്തെക്കുറിച്ചും വലിയ ധാരണയില്ലാത്തവരുടെ സംസാരം കേൾക്കാതിരിക്കുന്നതാണ് നല്ലത്. അമേരിക്കയുടെ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും വിദേശകാര്യ വക്താവ് വിമർശിച്ചു. 

പൗരത്വനിയമഭേദഗതി വിജ്ഞാപനത്തെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്നും നിയമം ഏത് രീതിയിൽ നടപ്പാക്കുമെന്ന് നിരീക്ഷിച്ചുവരികയാണെന്നും ആയിരുന്നു യു.എസ് വിദേശകാര്യ വക്താവ് നേരത്തെ പ്രതികരിച്ചത്. അടിസ്ഥാനപരമായി നിയമം വിവേചനപരമാണെന്ന് യു.എൻ വക്താവ് പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളെ നിയമം എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കും. നിയമം അന്താരാഷ്ട്ര തലത്തിൽ രാജ്യം പാലിക്കേണ്ട മനുഷ്യാവകാശ ബാധ്യതകളുടെ ലംഘനമാണെന്ന് സംശയിക്കുന്നതായും യു.എൻ വക്താവ് പറഞ്ഞിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പൗരത്വനിയമ ഭേദഗതിയിലെ ചട്ടങ്ങൾ കേന്ദ്രം പുറത്തിറക്കിയതിന് പിന്നാലെ വലിയ വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് മതവിവേചനത്തിനിരയായി പുറത്താക്കപ്പെട്ട മുസ്‌ലിം ഇതര അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമഭേദഗതി 2019-ലാണ് പാർലമെന്റ് പാസാക്കിയത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. ഈ വിഭാഗത്തിൽനിന്ന് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയവർക്ക് അപേക്ഷിക്കാം.


 

Content Highlights: India Response On us caa Remarks