‘യാതൊരു നിയമസാധുതയുമില്ല’; പാക്-ചൈന അതിർത്തി കമ്മീഷനെ തള്ളി ഇന്ത്യ

#ന്യൂസ് ഡെസ്ക്
രണ്‍ധീര്‍ ജയ്‌സ്വാള്‍ | Photo: ANI
രണ്‍ധീര്‍ ജയ്‌സ്വാള്‍ | Photo: ANI

ന്യൂഡൽഹി: പാകിസ്താനും ചൈനയും ചേർന്ന് രൂപവത്കരിച്ച ‘പാകിസ്താൻ-ചൈന അതിർത്തി ജോയിന്റ് കമ്മീഷൻ’ നടപടികളെ തള്ളി ഇന്ത്യ. ഇരുരാജ്യങ്ങൾക്കുമിടയിൽ അംഗീകൃത അതിർത്തി നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഇത്തരം കമ്മീഷനുകൾക്ക് യാതൊരു നിയമസാധുതയുമില്ലെന്നും വ്യക്തമാക്കി. പാകിസ്താനും ചൈനയ്ക്കും ഇടയിൽ അംഗീകൃത അതിർത്തിയില്ലെന്നും നിയമപരമായ അടിത്തറയില്ലാത്ത ജോയിന്റ് കമ്മീഷനെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ പറ‍ഞ്ഞു.

1963-ലെ ‘ചൈന-പാകിസ്താൻ അതിർത്തി കരാർ’ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അത് നിയമവിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. അനധികൃതമായി കൈയേറിയ പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി മാറ്റാനോ നിയമവിരുദ്ധ അധിനിവേശത്തിന് സാധുത നൽകാനോ ഉള്ള ശ്രമങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നതായും ജയസ്വാൾ പറഞ്ഞു. ഇന്ത്യൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ചൈനയും പാകിസ്താനും നടത്തുന്ന ഏതൊരു അതിർത്തി സഹകരണവും അംഗീകരിക്കാനാവാത്തതാണെന്നും ഈ പ്രദേശങ്ങളിന്മേലുള്ള ഇന്ത്യയുടെ പരമാധികാരത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു-കശ്മീരും ലാഡാക്കും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. അനധികൃതമായും ബലപ്രയോഗത്തിലൂടെയും കൈയടക്കിവെച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളെക്കുറിച്ച് കരാറുകളിൽ ഏർപ്പെടാൻ പാകിസ്താന് യാതൊരു നിയമപരമായ അവകാശവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ, പാകിസ്താൻ-ചൈന അതിർത്തി ജോയിന്റ് കമ്മീഷൻ പ്രവർത്തനം ആരംഭിച്ചതിനെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ആദ്യ യോഗത്തെക്കുറിച്ചും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അതിർത്തി പരിപാലനം, സംയുക്ത അതിർത്തി സർവേകൾ, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിന് കമ്മീഷൻ വഴിയൊരുക്കുമെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.