കപ്പൽ കൂട്ടിയിടി: പാകിസ്താനെ തള്ളി ഇന്ത്യ, കപ്പൽ സുരക്ഷിതം; ‘പാകിസ്താന്റേത് പ്രതീക്ഷിച്ച മറുപടി’

ന്യൂഡൽഹി: ഇന്ത്യൻ യുദ്ധക്കപ്പലും പാകിസ്താൻ നാവികസേനയുടെ കപ്പലും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഇന്ത്യ. പാകിസ്താന്റെ പ്രതികരണം പതിവുപോലെ സ്ഥിരംന്യായീകരണവും വാസ്തവവിരുദ്ധവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
"പാകിസ്താന്റെ നയതന്ത്ര പ്രതികരണം ഞങ്ങൾ കണ്ടു. അത് അവരുടെ പതിവ് ന്യായീകരണങ്ങൾ മാത്രമാണ്. അതിലെ ആരോപണങ്ങളും ദുസ്സൂചനകളും ഇന്ത്യ പൂർണ്ണമായും തള്ളിക്കളയുന്നു"- വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യ പ്രകോപനം സൃഷ്ടിച്ചു എന്ന പാകിസ്താന്റെ വാദമാണ് ഇന്ത്യ തള്ളിയത്. ഈ സംഭവത്തിൽ പാക് നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ പ്രസ്താവന കൂടി വരുന്നത്.
പടിഞ്ഞാറൻ അറബിക്കടലിൽ പതിവ് നിരീക്ഷണ ദൗത്യത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ 'ഐ.എൻ.എസ് കൊൽക്കത്ത' യിലേക്ക് പാകിസ്താന്റെ 'പി.എൻ.എസ്. ഹുനൈൻ' എന്ന പട്രോൾ കപ്പൽ ഇടിക്കുകയായിരുന്നു. അന്താരാഷ്ട്ര നാവിക മാനദണ്ഡങ്ങളും 1991-ലെ ഉഭയകക്ഷി കരാറും ലംഘിച്ച് അപകടകരമാംവിധം പാക് കപ്പൽ ഓടിച്ചതാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് ഇന്ത്യ പറഞ്ഞു.
കൂട്ടിയിടിയിൽ ഇന്ത്യൻ യുദ്ധക്കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അത് ദൗത്യം തുടർന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, അപകടത്തിന് കാരണമായ പാകിസ്താന്റെ 'പി.എൻ.എസ് ഹുനൈൻ' കപ്പലിന് കനത്ത നാശനഷ്ടം സംഭവിച്ചതായും അത് തിരികെ തുറമുഖത്തേക്ക് മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
Content Highlights: India rejected Pakistan's allegations regarding the naval ship collision., PNS Hunain dangerously collided with INS Kolkata in the Arabian Sea., INS Kolkata suffered no major damage and continued its mission, while PNS Hunain sustained heavy damage.