റഷ്യയിൽനിന്നുള്ള എസ്-400 വ്യോമപ്രതിരോധ സംവിധാനം മേയിൽ ഇന്ത്യയിലെത്തും; രാജസ്ഥാനിൽ വിന്യസിച്ചേക്കും

#ന്യൂസ് ഡെസ്ക്
റഷ്യൻ എസ്-400 | Photo: AP
റഷ്യൻ എസ്-400 | Photo: AP

ന്യൂഡൽഹി: റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്–400 ട്രയംഫിന്റെ നാലാം യൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും. ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് സംവിധാനം കപ്പൽമാർഗം ഇന്ത്യയിലെത്തിക്കുന്നത്.

'ഓപ്പറേഷൻ സിന്ദൂറ'ന്റെ സമയത്ത് രാജ്യത്തിന്റെ പ്രധാന വ്യോമപ്രതിരോധ സംവിധാനമായിരുന്നു എസ്-400. ഈ സംവിധാനം ഉപയോഗിച്ച് പതിനൊന്ന് ദീർഘദൂര മിസൈലുകൾ ഇന്ത്യ പാകിസ്താനെതിരെ അന്ന് പ്രയോഗിച്ചിരുന്നു. ഭാവിയിൽ പാകിസ്താനിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി പുതിയ യൂണിറ്റ് രാജസ്ഥാൻ സെക്ടറിൽ വിന്യസിക്കാനാണ് സാധ്യതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 400 കിലോമീറ്റർവരെ ദൂരപരിധിയുള്ള ഈ മിസൈലുകൾക്ക് പാകിസ്താനിലെ സിന്ധു നദിക്ക് കിഴക്കുള്ള മേഖലകളിലെ വ്യോമ സംവിധാനങ്ങളെപ്പോലും തകർക്കാൻ ശേഷിയുണ്ട്. 

2018 ഒക്ടോബറിലാണ് എസ്–400 വാങ്ങാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ആദ്യം ഒപ്പുവച്ചത്. അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായിരുന്നു കരാർ. കരാർ പ്രകാരമുള്ള അഞ്ചാമത്തെയും അവസാനത്തെയും എസ്-400 സംവിധാനം ഈ വർഷം നവംബറിൽ ഇന്ത്യയിലെത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എസ്-400 സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ഇന്ത്യയിൽത്തന്നെ ഒരു എം.ആർ.ഒ സൗകര്യം സ്ഥാപിക്കുന്നതും സാങ്കേതികവിദ്യാ കൈമാറ്റവും സർക്കാരിന്റെ പരിഗണനയിലാണ്.

പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 280 ദീർഘ-ഹ്രസ്വദൂര മിസൈലുകൾ പുതുതായി വാങ്ങാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ റഷ്യയിൽനിന്ന് 12 പാൻസിർ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനും, 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയിലൂടെ 40 എണ്ണം തദ്ദേശീയമായി നിർമിക്കാനും തീരുമാനമായിട്ടുണ്ട്.

ഈ വർഷം മാർച്ചിൽ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ, 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ നിർദേശങ്ങൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. വ്യോമസേനയ്ക്കായി പുതിയ വിമാനങ്ങളും സൈന്യത്തിനായി ധനുഷ് ഗൺ സിസ്റ്റം, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ആകെ 6.73 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് ഡി.എ.സി അനുമതി നൽകിയിരിക്കുന്നത്.

Content Highlights: India receiving 4th S-400 unit in May 2026., 5th S-400 unit expected by November 2026., DAC approved 2.38 lakh crore defense proposals., Plan to acquire 12 Pantsir systems and produce 40 locally., Establishment of domestic MRO facility for S-400 systems.