നിലവിട്ട ആരോപണം, മുഖം പുകച്ച് ഇന്ത്യന്‍ മറുപടി; രണ്ടാം ഘട്ടം പിന്നാലെ, കാനഡയ്ക്ക് ബുദ്ധി ഉദിക്കുമോ?

യുദ്ധ സാഹചര്യം അല്ലാത്തപ്പോള്‍ ഒരു രാജ്യത്തിനെതിരെ ഇത്രയും രൂക്ഷമായ ഒരു പ്രസ്താവന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കുന്നതും അവിടത്തെ നയതന്ത്ര ഉദ്യോഗസ്ഥരെ മുഴുവനായും പിന്‍വലിക്കുന്നതും ഒരുപക്ഷേ ഇതാദ്യമായിരിക്കും. അതും ഒരു ഒന്നാം ലോകരാജ്യത്തിനെതിരെ. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ്കുമാര്‍ വര്‍മ അടക്കമുള്ള ചില ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരാണ് (Persons of Interest) എന്നു കാണിച്ച് കാനഡ കത്തെഴുതിയതാണ് ഇന്ത്യക്ക് പ്രകോപനമായത്.
പ്രസ്താവനയ്ക്ക് പിന്നാലെ, കാനഡയുടെ ഡല്‍ഹിയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് വീലറിനെ വിളിപ്പിച്ച ഇന്ത്യ, കാനഡയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരേയും തിങ്കളാഴ്ച തിരിച്ചുവിളിച്ചു. സങ്കുചിതമായ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് ട്രൂഡോ സര്‍ക്കാര്‍ ഇന്ത്യയെ കരിവാരി തേയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രസ്താവന തുറന്നടിക്കുന്നു.
'അബദ്ധജടിലമായ ആരോപണങ്ങളെ ഇന്ത്യ ശക്തിയായി തള്ളിക്കളയുന്നു; അവ വോട്ടുബാങ്ക് രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്'- പ്രസ്താവന നിലപാട് വ്യക്തമാക്കുന്നു. 'കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ട്രൂഡോ ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും പലതവണ അപേക്ഷിച്ചിട്ടും അതിനെ സാധൂകരിക്കുന്ന തെളിവിന്റെ ഒരംശം പോലും തങ്ങള്‍ക്കു കൈമാറിയിട്ടില്ല. അന്വേഷണം എന്ന വ്യാജേന രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയെ കരിവാരി തേയ്ക്കാനുള്ള മനഃപൂര്‍വമായ തന്ത്രമാണ് - പ്രസ്താവനയുടെ ഉള്ളടക്കം ഇങ്ങനെ നീളുന്നു. ദീര്‍ഘകാലമായി ട്രൂഡോ ഇന്ത്യയോടു കാട്ടുന്ന ശത്രുതയുടെ തെളിവുകള്‍ സര്‍ക്കാര്‍ നിരത്തുന്നുണ്ട്. 2018-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഒരു വോട്ടുബാങ്കിനെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് തിരിച്ചടിച്ചെന്നും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീവ്രവാദികളും വിഘടനവാദികളുമായവര്‍ ഉണ്ടെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.
കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ വിഷമിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്ന കൊടുംതീവ്രവാദികള്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും ട്രൂഡോയുടെ സര്‍ക്കാര്‍ പതിവായി സഹായം നല്‍കിവരുന്നതായും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇതിനൊക്കെ സൗകര്യം ചെയ്യുന്നതെന്നും ഇന്ത്യയിലെ കനേഡിയന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവന പറയുന്നു. കനേഡിയന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി, വിഘടനവാദി ശക്തികളെ നിയന്ത്രിക്കാന്‍ കാനഡ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിക്കുന്നു ഈ പ്രസ്താവന. മുപ്പത്തിയാറു വര്‍ഷമായി രാജ്യത്തിന് വിശിഷ്ടസേവനം നല്‍കി വരുന്ന ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയ്ക്കെതിരായ ആരോപണങ്ങള്‍ അസംബന്ധമാണ്, അവയെ അവജ്ഞയോടെ തള്ളിക്കളയുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കാന്‍ കാനഡ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പകരമായി തുടര്‍ നടപടികളെടുക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും വിദേശമന്ത്രാലയം കാനഡയ്ക്ക് മുന്നറിയിപ്പു നല്‍കി.
താഴേയ്ക്കു വളരുന്ന ഇന്തോ-കനേഡിയന്‍ സൗഹൃദം
ഈ വര്‍ഷം ഖലിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ ഒരു യോഗത്തില്‍ ട്രൂഡോ പ്രസംഗിച്ചു, അതില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒരു ഖലിസ്താന്‍ അനുകൂല പരിപാടിയില്‍ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിയെ വധിക്കുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചിരുന്നു. പല തവണ ഇന്ത്യയുടെ നയതന്ത്ര മിഷനുകള്‍ക്ക് മുന്നില്‍ സമരമുണ്ടായി. കഴിഞ്ഞ ജൂണ്‍മാസം വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പലതവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇത്തരം പ്രകോപനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാനഡ വകവെച്ചു കൊടുക്കുന്നുവെന്ന് ഇന്ത്യ പരാതിപ്പെടുന്നു.
ഒരുപക്ഷേ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇത്ര രൂക്ഷമായ പ്രതികരണം പ്രതീക്ഷിച്ചതായിരുന്നു എന്നുവേണം പറയാന്‍. സമീപകാലത്ത് അത്രയധികം വഷളായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. കഴിഞ്ഞവര്‍ഷം ജൂണ്‍ 18-ന് ഖലിസ്താന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ജസ്റ്റിന്‍ ട്രൂഡോ തന്നെ രംഗത്തുവന്നു. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയുടെ പുറത്തുവച്ച്് അജ്ഞാതായ രണ്ട് തോക്കുധാരികള്‍ നിജ്ജറിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇന്ത്യയില്‍ കൊലപാതകം അടക്കമുള്ള കുറ്റങ്ങളില്‍ പ്രതിയാണ് നിജ്ജര്‍. 2007-ല്‍ പഞ്ചാബില്‍ ഒരു സിനിമാ തിയേറ്ററില്‍ നടന്ന ബോംബ് സ്ഫോടനത്തിലും 2021-ല്‍ ഒരു ശിവസേന നേതാവിനെതിരായ വധശ്രമത്തിലും അയാള്‍ പ്രതിയായിരുന്നു. ഖലിസ്താനി സംഘടന ബബ്ബര്‍ ഖല്‍സയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നിജ്ജര്‍ 1995-ല്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗ് വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് പലായനം ചെയ്തയാളാണ്.
ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 2016-ല്‍ നിജ്ജറിനെ കനേഡിയന്‍ പോലീസ് ചോദ്യം ചെയ്യുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. സുരക്ഷാഭീഷണി കാരണം നിജ്ജറിനെ വിമാനയാത്രയ്ക്ക് അനുമതിയില്ലാത്തവരുടെ ലിസ്റ്റില്‍ കാനഡ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടുപോലും നിജ്ജറിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ കനേഡിയന്‍ പാര്‍ലമെന്റ് ഒരു മിനിറ്റ് മൗനം ആചരിച്ച് ഉപചാരമര്‍പ്പിച്ചത് പരക്കെ ചോദ്യം ചെയ്യപ്പെട്ടതാണ്. ഇന്ത്യയെപ്പോലെ തന്നെ കാനഡയ്ക്കും സുരക്ഷാ ഭീഷണിയായിരുന്ന നിജ്ജറിന് എന്തുകൊണ്ടാണ് ഇത്ര വലിയ പ്രാധാന്യം നല്‍കുന്നത് എന്ന ചോദ്യം കാനഡയില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ ഏജന്റുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് ഒരു തെളിവുമില്ലാതെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ആരോപിച്ചത്. ആരോപണങ്ങള്‍ തികച്ചും ദുരുപദിഷ്ടമാണെന്നും അസംബന്ധമാണെന്നും പറഞ്ഞ് ഇന്ത്യ അതിനെ തള്ളിക്കളഞ്ഞിരുന്നു. പാകിസ്താനില്‍ നിരവധി ഇന്ത്യാവിരുദ്ധ ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്ന ആ സീസണില്‍ ഒറ്റ നോട്ടത്തില്‍ സാധ്യതയുണ്ടെന്നു തോന്നിച്ച ആരോപണമായിരുന്നെങ്കിലും ഒരു തെളിവും ഹാജരാക്കാന്‍ പോലീസിനായില്ല. കൊല നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ആര്‍.സി.എം.പി (റോയല്‍ മൗണ്ടഡ് കനേഡിയന്‍ പോലീസ്) ഇപ്പോഴും കേസ് അന്വേഷിക്കുകയാണ്. നാലു സിഖ് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അത് കുറ്റവാളി സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരിക്കാക്കാനാണ് കൂടുതല്‍ സാധ്യത. ഈ കേസില്‍ ഇന്ത്യയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നാണ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ അന്നും ഇന്നും പറയുന്നത്.
കഴിഞ്ഞയാഴ്ച ലാവോസില്‍ നടന്ന ആസിയാന്‍ സമ്മേളനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാനും ഈ വിഷയം ചര്‍ച്ചയാക്കാനും ട്രൂഡോ ശ്രമിച്ചെങ്കിലും മോദി വഴങ്ങിയില്ല. ഇരുവരും തമ്മില്‍ ഹസ്തദാനം പോലും ഉണ്ടായില്ലത്രെ. ഒക്ടോബര്‍ 16-ന് കനേഡിയന്‍ രാഷ്ട്രീയത്തിലെ വിദേശ ഇടപെടലിനെ കുറിച്ച് പരസ്യ അന്വേഷണം നടത്തുന്ന ഫെഡറല്‍ ഇലക്ടറല്‍ പ്രോസസ് ആന്‍ഡ് ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍സിനു മുന്നില്‍ ട്രൂഡോ ഹാജരാകേണ്ടതുണ്ട്. ഖലിസ്താന്‍ അനുകൂല പാര്‍ട്ടിയായ എന്‍.ഡി.പിയുടെ കൂടി പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ട്രൂഡോയ്ക്ക് അവരെ കൂടെ നിര്‍ത്തുക എന്നത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം സിഖുകാരുള്ളത് കാനഡയിലാണ്- ഏതാണ്ട് ഏഴേമുക്കാല്‍ ലക്ഷം പേര്‍! ജനപ്രീതിയില്‍ ഏറെ പിന്നിലായ ട്രൂഡോയ്ക്ക് സിഖു സമുദായത്തെയും അവരുടെ പാര്‍ട്ടിയെയും പ്രീണിപ്പിക്കാതെ വയ്യ.
കഴിഞ്ഞ ആഴ്ച വിദേശ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരായ കാനഡയുടെ വിദേശമന്ത്രി മെലാനി ജോളി, നിജ്ജര്‍ വധത്തില്‍ പങ്കുണ്ടെന്നു ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തങ്ങളുടെ ലക്ഷ്യമാണെന്നും പോലീസ് അവരുടെ ജോലി ചെയ്യുകയാണെന്നും പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം കാനഡയിലെ ഖലിസ്താന്‍ വാദക്കാരെ കുറിച്ച് ചോദിച്ചപ്പോള്‍ കാനഡയുടെ വിദേശകാര്യ ഉപമന്ത്രി ഡേവിഡ് മോഡിസണ്‍ പറഞ്ഞത് 'സംഗതി വളരെ മോശമാണ്, പക്ഷേ നിയമപരമാണ്' എന്നാണ്. (Awful but lawful). നമ്മള്‍ കാണാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട്, പക്ഷേ അവയൊക്കെ സംസാര സ്വാതന്ത്ര്യത്തിന് കീഴില്‍ സംരക്ഷിക്കപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയന്‍ മണ്ണില്‍ ഇന്ത്യാ വിരുദ്ധ തീവ്രവാദ ശക്തികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ഇടം കൊടുക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാനപ്രശ്നമെന്നും അവര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കണമെന്നുമാണ് ദീര്‍ഘകാലമായി ഇന്ത്യ ആവര്‍ത്തിക്കുന്ന കാര്യം.
കുറച്ചുകാലമായി വിദേശമന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തില്‍ ഇന്ത്യ നയതന്ത്രപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലാണ്. പറയേണ്ട കാര്യങ്ങള്‍ പച്ചയ്ക്ക് പറയും (ചില അപവാദങ്ങളില്ലെന്നല്ല), വേണ്ടിവന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കും. ഇന്ത്യയുടെ വളരെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ നിജ്ജര്‍ വധക്കേസില്‍ പെടുത്താനുള്ള നീക്കത്തെ ഇന്ത്യ നേരിടുന്നത് കാണേണ്ട കാഴ്ചയായിരിക്കും. അതിന്റെ ആദ്യഭാഗമാണ് കാനഡയുടെ നയതന്ത്രമുഖ പ്രസ്താവന. രണ്ടാം ഭാഗം റിലീസാകും മുമ്പ് കാനഡയ്ക്ക് ബുദ്ധി ഉദിക്കുമോയെന്ന് ഉറപ്പില്ല.
Content Highlights: india recalls diplomats canada khalistani issue