വരുന്നു വീണ്ടും ബാങ്ക് ലയനം, 2027-ഓടെ നടപ്പാക്കുക ലക്ഷ്യം

മുംബൈ: രാജ്യത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനായി വീണ്ടും നീക്കം. ചെറുബാങ്കുകളെ വലിയ ബാങ്കുകളിൽ ലയിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതുസംബന്ധിച്ചുള്ള നിർദേശങ്ങൾ കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രിയുടെ ഓഫീസും പരിശോധിച്ചുവരുകയാണ്. 2027-ഓടെ ലയനപദ്ധതി നടപ്പാക്കുന്നതാണ് പരിഗണനയിലെന്നാണ് സൂചനകൾ.
ചെറുബാങ്കുകളെ ലയിപ്പിച്ച് ശക്തമായ പൊതുമേഖലാ ബാങ്ക് സംവിധാനം രൂപപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നിവയിൽ ലയിപ്പിക്കുന്നതാണ് ആലോചിക്കുന്നത്. മറ്റു ചെറുബാങ്കുകളും ലയനപദ്ധതികളുടെ ഭാഗമായേക്കും. ഇതുസംബന്ധിച്ച ചർച്ചകൾ അതിവേഗമാണ് നടക്കുന്നത്. ബന്ധപ്പെട്ട ബാങ്കുകളുമായി കൂടിയാലോചിച്ചാകും തീരുമാനങ്ങളുണ്ടാകുക. ബാങ്കുകൾക്കുള്ളിൽതന്നെ സമവായമുണ്ടായശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
2017-നും 2020-നും ഇടയിൽ പത്തു പൊതുമേഖലാ ബാങ്കുകൾ നാലു ബാങ്കുകളിലായി ലയിപ്പിച്ചിരുന്നു. എസ്ബിഐയുടെ ഉപബാങ്കുകളും മഹിളാബാങ്കും എസ്ബിഐയുടെ ഭാഗമായി. 2017-ൽ 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നത് ഇപ്പോൾ 12 ആയി ചുരുങ്ങി. പൊതുമേഖലയിൽ മൂന്നോ നാലോ വലിയ ബാങ്കുകളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
ചെറുബാങ്കുകളെ സ്വകാര്യവത്കരിക്കുകയോ വലിയ ബാങ്കുകളിൽ ലയിപ്പിക്കുകയോ ചെയ്ത് പൊതുമേഖലാബാങ്കുകളെ ശക്തിപ്പെടുത്താനുള്ള നിതി ആയോഗ് നിർദേശത്തിന്റെ പുറത്താണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. നേരത്തേ ഇന്ത്യൻ ഓവർസീസ് ബാങ്കിനെയും സെൻട്രൽ ബാങ്കിനെയും സ്വകാര്യവത്കരിക്കുന്നത് പരിഗണിച്ചിരുന്നു. എന്നാൽ സർക്കാർ പിന്നീട് അതിൽനിന്ന് പിന്നാക്കംപോയി.
രാജ്യത്തെ റൂറൽ ബാങ്കുകളെ സംയോജിപ്പിച്ച് ഗ്രാമീണമേഖലയിലെ ബാങ്കിങ് സേവനം ശക്തമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഒരു സംസ്ഥാനത്ത് ഒരു റൂറൽ ബാങ്ക് എന്നതാണ് പുതിയ നയം. ഇതിന്റെ ലയനം പൂർത്തിയായിക്കഴിഞ്ഞു. നബാർഡിന്റെ നേതൃത്വത്തിൽ ഇവയുടെ ഡിജിറ്റൽ ബാങ്കിങ് സൗകര്യങ്ങൾ വിപുലമാക്കിവരുകയാണ്. 28 റൂറൽ ബാങ്കുകൾക്കായി രാജ്യത്താകെ 22,000 ശാഖകളുണ്ടെന്നാണ് കണക്ക്. ഇതിൽ 92 ശതമാനം ശാഖകളും ഗ്രാമപ്രദേശങ്ങളാണ്. രാജ്യത്തെ 700 ജില്ലകളിൽ ഇവയ്ക്ക് സാന്നിധ്യമുണ്ട്. കൂടാതെ, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിനും രാജ്യത്തിന്റെ മുക്കിലും മൂലയിലുംവരെ സാന്നിധ്യമുണ്ട്. ഇതെല്ലാം ചേർന്ന് ശക്തമായ ബാങ്കിങ് ശൃംഖലയാണ് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ ബാങ്കുകളെ വലിയവയിൽ ലയിപ്പിക്കുന്നത് സേവനങ്ങളെ ബാധിക്കില്ലെന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ ഇടപാടുകൾ ശക്തിപ്പെട്ടതും ഇത്തരമൊരു നീക്കത്തിനു പിന്നിലുണ്ട്.
Content Highlights: India is considering merging smaller public sector banks into larger ones by 2027 to create a stronger banking system. Discussions are underway, and decisions will be made after consulting with banks.