'പ്രഹാർ', ഭീകരത നേരിടാൻ പുതിയ ഏകോപനവും കർമ്മപദ്ധതിയുമായി ഇന്ത്യ

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മകചിത്രം | Photo: PTI
പ്രതീകാത്മകചിത്രം | Photo: PTI

ന്യൂഡൽഹി: രാജ്യത്തെ സുരക്ഷാ ഭീഷണികൾ കൂടുതൽ കരുത്തോടെ നേരിടുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയുടെ ആദ്യത്തെ സമഗ്ര ഭീകരവിരുദ്ധ നയമായ 'പ്രഹാർ' (PRAHAAR) പുറത്തിറക്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പുറമെ, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം, പുതിയ സാങ്കേതിക വിദ്യകൾ വഴിയുള്ള ഭീഷണികൾ എന്നിവയെ പ്രതിരോധിക്കുകയും നേരിടുകയും ചെയ്യുക എന്നതാണ് പ്രഹാർ നയത്തിന്റെ കാതൽ. റെയിൽവേ, വ്യോമയാനം, വൈദ്യുതി, തുറമുഖങ്ങൾ, ആണവോർജ്ജം, ബഹിരാകാശം തുടങ്ങിയ നിർണ്ണായക മേഖലകളെ സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങൾ തന്നെ വികസിപ്പിച്ചിട്ടുണ്ട്. ഭീകരവാദ ഗ്രൂപ്പുകൾ ആക്രമണത്തിനായി രാസ, ജൈവ, ആണവ വസ്തുക്കളും സ്‌ഫോടകവസ്തുക്കളും ഡിജിറ്റൽ ആസ്തികളും കൈക്കലാക്കുന്നത് തടസ്സപ്പെടുത്തുക എന്നത് ഭീകരവിരുദ്ധ ഏജൻസികളുടെ ഒരു പ്രധാന വെല്ലുവിളിയായി ഈ നയം കണക്കാക്കുന്നു.

ഭീകരവാദത്തെ ഏതെങ്കിലും പ്രത്യേക മതം, വംശം, ദേശീയത അല്ലെങ്കിൽ സംസ്‌കാരം എന്നിവയുമായി ഇന്ത്യ ബന്ധിപ്പിക്കുന്നില്ലെന്ന് നയരേഖ വ്യക്തമായി പ്രസ്താവിക്കുന്നു. അൽ ഖ്വായ്ദ, ഐഎസ്‌ഐഎസ് തുടങ്ങിയ ആഗോള ഭീകര ഗ്രൂപ്പുകൾ സ്ലീപ്പർ സെല്ലുകളിലൂടെ ഇന്ത്യയിൽ അക്രമം നടത്താൻ ശ്രമിക്കുന്നതിനെതിരെ നയം മുന്നറിയിപ്പ് നൽകുന്നു. പഞ്ചാബ്, ജമ്മു കശ്മീർ മേഖലകളിൽ അതിർത്തി കടന്നുള്ള ഹാൻഡ്ലർമാർ ഡ്രോണുകളും റോബോട്ടിക്‌സും ഉപയോഗിക്കുന്നത് വലിയ വെല്ലുവിളിയാണ്. കൂടാതെ, പ്രചാരണത്തിനും ഫണ്ടിംഗിനുമായി സോഷ്യൽ മീഡിയ, എൻക്രിപ്ഷൻ ടൂളുകൾ, ഡാർക്ക് വെബ്, ക്രിപ്‌റ്റോ വാലറ്റുകൾ എന്നിവ ഭീകരർ ഉപയോഗിക്കുന്നതായും നയം ചൂണ്ടിക്കാട്ടുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകൾ, എൻക്രിപ്ഷൻ ടൂളുകൾ, ഡാർക്ക് വെബ്, ക്രിപ്റ്റോ വാലറ്റുകൾ എന്നിവ വഴിയുള്ള പ്രചാരണം, ഫണ്ടിംഗ്, പ്രവർത്തന നിർദ്ദേശങ്ങൾ എന്നിവ നിരീക്ഷിക്കാനും തടയാനും പദ്ധതി ഊന്നൽ നൽകുന്നു. സൈബർ ആക്രമണങ്ങളിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് കൂടുതൽ കാര്യക്ഷമമാക്കുക, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് മുതൽ പ്രോസിക്യൂഷൻ വരെയുള്ള ഓരോ ഘട്ടത്തിലും നിയമവിദഗ്ധരുടെ സേവനം ലഭ്യമാക്കുക എന്നിവയും ഈ നയത്തിന്റെ ഭാഗമാണ്.

യുവാക്കൾ ഭീകരവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് തടയാൻ കമ്മ്യൂണിറ്റി നേതാക്കളെയും മിതവാദികളായ മതപ്രഭാഷകരെയും എൻജിഒകളെയും ഉൾപ്പെടുത്തി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ജയിലുകളിൽ കഴിയുന്നവർക്കിടയിൽ തീവ്രവാദ ആശയങ്ങൾ പടരുന്നത് തടയാനുള്ള നടപടികളും ഇതിന്റെ ഭാഗമാണ്. തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ട യുവാക്കളെ കണ്ടെത്തിയാൽ, അവരിലുണ്ടായിരിക്കുന്ന സ്വാധീനത്തിന്റെ തോതനുസരിച്ച് തരംതിരിച്ചുള്ള പോലീസ് നടപടികളും നിയമനടപടികളും സ്വീകരിക്കും. തീവ്രവാദ പാതയിലേക്ക് പോയവരെ തിരികെ കൊണ്ടുവരുന്നതിനായി പ്രത്യേക ഡീ-റാഡിക്കലൈസേഷൻ പരിപാടികൾ നടപ്പിലാക്കും.

രാജ്യാന്തര തലത്തിലുള്ള സഹകരണം ഉറപ്പാക്കി ട്രാൻസ്നാഷണൽ ഭീകരവാദത്തെ അടിച്ചമർത്താനാണ് ഈ നയത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. സുരക്ഷാ ഭീഷണികൾ മാറുന്നതിനനുസരിച്ച് നിയമപരവും സാങ്കേതികവുമായ പ്രതിരോധം തീർക്കാൻ 'പ്രഹാർ' സഹായകരമാകുമെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.

Content Highlights: India unveils PRAHAAR, its first comprehensive anti-terrorism policy to counter evolving threats like cyber attacks, drone misuse, and cross-border terrorism. Learn more!