ഷിംല കരാര്‍ മരവിപ്പിക്കുമെന്ന് ഭീഷണി, 1971ലെ യുദ്ധവും നിയന്ത്രണരേഖയും; ചരിത്രം മറക്കുന്ന പാകിസ്താന്‍

Representational Image | Photo : AFP
Representational Image | Photo : AFP

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ സ്വീകരിച്ച നടപടികള്‍ക്ക് തിരിച്ചടിയായി ഷിംല കരാര്‍ മരവിപ്പിക്കുമെന്നാണ് പാകിസ്താന്റെ ഭീഷണി. സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും പാക് പൗരര്‍ ഉടനടി ഇന്ത്യ വിട്ടുപോകണം എന്നിങ്ങനെയുള്ള കര്‍ശന നടപടികളാണ് ഇന്ത്യ കൈക്കൊണ്ടത്. അതിനെ തുടര്‍ന്നാണ് പാകിസ്താന്റെ ദേശീയ സുരക്ഷാസമിതി വ്യാഴാഴ്ച അടിയന്തരയോഗം ചേര്‍ന്ന് ഇന്ത്യക്കെതിരെയുള്ള നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ പ്രധാനമാണ് ഷിംല കരാര്‍ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി കരാറുകള്‍ റദ്ദാക്കുമെന്ന ഭീഷണി. 

ഇന്ത്യയും പാകിസ്താനും തമ്മില്‍ 1972 ജൂലായ് രണ്ടിന് ഒപ്പുവെച്ച കരാറാണിത്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന് പിന്നാലെയാണ് കരാറിനെ കുറിച്ചുള്ള തീരുമാനമുണ്ടായത്. ഷിംലയില്‍വെച്ച് നടന്ന സുപ്രധാനയോഗത്തില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാകിസ്താന്‍ പ്രസിഡന്റായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും കരാറില്‍ ഒപ്പുവെച്ചു. ബംഗ്ലാദേശിന് സ്വതന്ത്രരാഷ്ട്ര പദവി നല്‍കാനുള്ള തീരുമാനത്തിന് വഴിയൊരുക്കിയതും ഷിംല കരാറാണ്. ജൂലായ് മൂന്നിന് അര്‍ധരാത്രിയാണ് കരാറില്‍ ഒപ്പുവെച്ചതെങ്കിലും ഔദ്യോഗികരേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ജൂലായ് രണ്ട് എന്നാണ്.ഈ കരാര്‍ പ്രകാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതും കശ്മീരില്‍ ഇന്ത്യയും പാകിസ്താനുമിടയില്‍ നിയന്ത്രണരേഖയെന്ന താത്കാലിക അതിര്‍ത്തി സംവിധാനമുണ്ടാകുന്നതും. 

ഇന്ത്യ-പാകിസ്താന്‍ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സാധാരണവത്കരിക്കുന്നതിനുള്ള നടപടികള്‍ വിഭാവനം ചെയ്യുകയുമായിരുന്നു ഷിംല കരാറിന്റെ ഔദ്യോഗികലക്ഷ്യം. ഭാവിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്നതും കരാറിന്റെ ലക്ഷ്യമായിരുന്നു. 1971-ലെ യുദ്ധത്തില്‍ ഇന്ത്യ പിടിച്ചെടുത്ത 13,000 കിലോ മീറ്ററിലധികം പാക് ഭൂമി തിരികെ നല്‍കാനും കരാര്‍ വ്യവസ്ഥ ചെയ്തിരുന്നു. അതേസമയം, ചില സുപ്രധാന മേഖലകള്‍ ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്തു.

ഷിംല കരാറിലെ പ്രധാന വ്യവസ്ഥകള്‍ 

  • ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് സമാധാനപരമായി പരിഹാരം കാണാന്‍ കരാര്‍ പ്രകാരം തീരുമാനിച്ചു. കരാര്‍ വ്യവസ്ഥപ്രകാരം ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ കശ്മീര്‍ പോലുള്ള പല വിഷയങ്ങളിലും ഇന്ത്യ ഐക്യരാഷ്ട്ര സഭയുള്‍പ്പെടെ മൂന്നാമതൊരിടപെടല്‍ നിരസിക്കുകയുണ്ടായി.
  • നിയന്ത്രണരേഖയ്ക്ക് അംഗീകാരം നല്‍കി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നതകളും നിയമവ്യാഖ്യാനങ്ങളും പരിഗണിക്കാതെ നിയന്ത്രണരേഖയ്ക്ക് വ്യതിയാനം വരുത്താന്‍ ഏകപക്ഷീയ തീരുമാനമെടുക്കില്ലെന്നുള്ള വ്യവസ്ഥയും കൊണ്ടുവന്നു. 

ഇതൊക്കെയാണ് പ്രധാന ലക്ഷ്യങ്ങളെങ്കിലും ഈ കരാറിനനുസരിച്ചായിരുന്നില്ല പിന്നീട് പാകിസ്താന്റെ പ്രവര്‍ത്തനങ്ങള്‍. കരാറില്‍ വ്യവസ്ഥ ചെയ്തപോലെ സുഗമമായ ഒരു ബന്ധം ഇരുരാജ്യങ്ങളും തമ്മില്‍ തുടര്‍ന്നില്ല. നിയന്ത്രണ രേഖയില്‍ പലപ്പോഴും ഇരുരാജ്യങ്ങളുടേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം തുടര്‍ന്നു. 1999-ല്‍ കാര്‍ഗില്‍ യുദ്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ കൂടുതല്‍ വലുതാക്കി. സംഘര്‍ഷ സന്ദര്‍ഭങ്ങളില്‍ പലപ്പോഴും വ്യക്തമായി ചൂണ്ടിക്കാണിക്കപ്പെട്ടത് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഷിംല കരാര്‍ ലംഘനമാണ്.പാകിസ്താന്‍ നിയന്ത്രണരേഖ ലംഘിച്ചപ്പോഴും അത് മറികടക്കാതെ നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയായിരുന്നു ഇന്ത്യ കാര്‍ഗില്‍ യുദ്ധത്തില്‍ ചെയ്തത്. 

പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജലക്കരാറും പാകിസ്താന്‍ ഷിംല കരാറും മരവിപ്പിച്ചിരിക്കുകയാണ്. ഈ കരാര്‍ മരവിപ്പിച്ചാല്‍ അതുവഴി നിയന്ത്രണരേഖയുടെ നിയമപരമായ അസ്തിത്വമാണ് ചോദ്യം ചെയ്യപ്പെടുക. സിന്ധു നദിയുടെ പേരില്‍ പാകിസ്താന്‍ ഇന്ത്യയുമായി സായുധ സംഘര്‍ഷത്തിന് ഒരുങ്ങുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഷിംല കരാര്‍ മാത്രമല്ല ഇന്ത്യയുമായുള്ള എല്ലാ കരാറുകളും മരവിപ്പിക്കാനുള്ള അവകാശം തങ്ങള്‍ വിനിയോഗിക്കുമെന്നാണ് പാകിസ്താന്റെ പ്രതികരണമെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ ഒരുക്കമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തുവില നല്‍കിയും പാകിസ്താനിലെ 24 കോടി ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കുമെന്നും പാകിസ്താന്‍ പറയുന്നത് ഇതിലേക്കുള്ള സൂചനയാണ്. 

ഇന്ത്യയുടെ നീക്കങ്ങള്‍ക്കു അതേപോലെ പ്രതികരിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. അടിയന്തരമായി വാഗാ അതിര്‍ത്തി അടയ്ക്കുമെന്നും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാകിസ്താന്റെ വ്യോമാതിര്‍ത്തിയില്‍ അനുമതി നിഷേധിക്കുമെന്നും അവര്‍ വ്യക്തമാക്കി. സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി മരവിപ്പിക്കാന്‍ സാധിക്കില്ലെന്ന് പാക് പ്രധാനമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Content Highlights: Following the Pahalgam attack, Pakistan suspends Shimla Agreement