ടിവി അടിച്ചുപൊട്ടിച്ച് ശിവസേന നേതാവ്; ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന് മത്സരത്തിനെതിരേ ടിവി അടിച്ചുപൊട്ടിച്ച് പ്രതിഷേധിച്ച് ശിവസേന നേതാവ്. ശിവസേന ഉദ്ധവ് വിഭാഗം വക്താവായ ആനന്ദ് ദുബെയാണ് പാകിസ്താനുമായുള്ള മത്സരത്തിനെതിരേ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ടിവി സെറ്റുകള്‍ അടിച്ചുപൊട്ടിച്ചത്. മത്സരത്തിന്റെ തത്സമയ സംപ്രേഷണം തള്ളിക്കളയണമെന്ന ആഹ്വാനത്തോടെയായിരുന്നു ടിവി സെറ്റുകള്‍ തകര്‍ത്തുള്ള പ്രതിഷേധം.
'ഞങ്ങള്‍ ക്രിക്കറ്റിന് എതിരല്ല, പക്ഷേ, പാകിസ്താന് കരുതിയിരിക്കണം, ഭാരത് മാതാ കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം. അടിച്ചുപൊട്ടിച്ച ടിവി സെറ്റുകള്‍ പിന്നീട് നിലത്തിട്ട് ചവിട്ടുന്നതും സമരത്തിന്റെ ദൃശ്യങ്ങളില്‍ കാണാം.
പഹല്‍ഗ്രാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന് സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം രാജ്യത്തിന്റെ വികാരത്തെ അപമാനിക്കുന്നതാണെന്നാണ് ശിവസേനയുടെ നിലപാട്. പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലുടനീളം 'സിന്ദൂര്‍ പ്രതിഷേധം' എന്ന പേരില്‍ സമരങ്ങള്‍ സംഘടിപ്പിക്കാനും ശിവസേന നേതാവ് ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം ആഹ്വാനംചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മുംബൈയിലും ടിവി തകര്‍ത്ത് പ്രതിഷേധിച്ചത്.
'ദുബായില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന് മത്സരത്തെ ഞങ്ങള്‍ എതിര്‍ക്കുകയാണ്. ഇന്ന് ഈ മത്സരത്തിന്റെ ആവശ്യമില്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണം. ബിസിസിഐയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണം', ടിവി തകര്‍ത്ത് പ്രതിഷേധിച്ചതിന് പിന്നാലെ ശിവസേന നേതാവ് ആനന്ദ് ദുബെ പറഞ്ഞു.
രാജ്യത്തിനായി സൈനികര്‍ അതിര്‍ത്തിയില്‍ ജീവന് ബലിയര്‍പ്പിക്കുമ്പോള്‍ പാകിസ്താനുമായി ഒരു ക്രിക്കറ്റ് മത്സരം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. ''ബിസിസിഐ ദേശവിരുദ്ധരായി മാറുകയാണ്. പാകിസ്താനുമായി കളിക്കുന്നതില്‍ എന്തിനാണ് അവര്‍ ഇത്ര ആവേശം കൊള്ളുന്നത്? ടിവി വരുമാനത്തിനായുള്ള ആര്‍ത്തിയോ അതോ കളിക്കാര്‍ക്ക് കിട്ടുന്ന ഫീസിനോ? ഏഷ്യ കപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ പാകിസ്താന് അത് ബഹിഷ്കരിക്കാമെങ്കില്‍ എന്തുകൊണ്ട് ബിസിസിഐയ്ക്ക് ഇപ്പോള്‍ അതിന് കഴിയുന്നില്ല? ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൗനം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ചോരയും വെള്ളവും ഒരുമിച്ച് ഒഴുകുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ക്രിക്കറ്റും ചോരയും ഒരുമിച്ച് ഒഴുകുക'', ഉദ്ധവ് താക്കറെ ചോദിച്ചു.
Content Highlights: Shiv Sena leader Anand Dube smashes TVs in Mumbai protesting the India-Pakistan Asia Cup cricket