മധ്യസ്ഥ ശ്രമവുമായി UN; ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ജയ്ശങ്കർ, ചർച്ച വേണമെന്ന് പാകിസ്താൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ -പാകിസ്താൻ നയതന്ത്രബന്ധം വഷളാകുകയും സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മധ്യസ്ഥശ്രമവുമായി ഐക്യരാഷ്ട്രസഭ(യു.എൻ). ഇരു രാജ്യങ്ങളോടും യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഫോണിൽ സംസാരിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള സംഭാഷണത്തിൽ, പഹൽഗാം ഭീകരാക്രമണത്തെ അൻ്റോണിയോ ഗുട്ടെറസ് അപലപിച്ചു. നിയമപരമായ മാർഗങ്ങളിലൂടെ ഈ ആക്രമണങ്ങൾക്ക് നീതി ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയും പാകിസ്താനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാട്ടി.
'യു.എൻ സെക്രട്ടറി ജനറൽ പഹൽഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും ഇവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്'. ജയശങ്കർ ഫോൺ സംഭാഷണത്തിന് ശേഷം എക്‌സിൽ കുറിച്ചു.
'പഹൽഗാം സംഭവത്തിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടു. യുഎൻ സുരക്ഷാ സമിതി പ്രമേയങ്ങൾക്ക് അനുസൃതമായി ജമ്മു & കശ്മീർ തർക്കം പരിഹരിക്കുന്നതിൽ യുഎൻ അതിൻ്റെ പങ്ക് വഹിക്കണം. പാകിസ്താൻ സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണ്.' പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും എക്സിൽ കുറിച്ചു.
അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ തങ്ങൾക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്താൻ അവകാശപ്പെടുന്നതിനിടെയാണ് യുഎൻ സെക്രട്ടറി ജനറൽ ഇരു രാജ്യങ്ങളുമായി സംസാരിച്ചത്. അതേസമയം രാജ്യന്തര അതിർത്തിയിൽ വെടിനിർത്തൽകരാർ ലംഘിച്ച് പാകിസ്താൻ പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസംവരെയും നിയന്ത്രണ രേഖയ്ക്ക് സമീപം വരെമാത്രമായിരുന്നു വെടിവെപ്പ്. ചൊവ്വാഴ്ച രാത്രിമുതൽ അഞ്ചിടത്ത് പാകിസ്താൻ വെടിനിർത്തൽകരാർ ലംഘിച്ചതായാണ് റിപ്പോർട്ട്.
Content Highlights: UN Secretary-General spoke with both India andPakistan to de-escalate tensions and prevent conflict